മഠാധിപതിയുടെ മരണത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് സൂചന

മഠാധിപതിയുടെ മരണത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് സൂചന


തിങ്കളാഴ്ചയാണ് കര്‍ണാടകയിലെ ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗ(45) ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.


ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിന്റെ പേരില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഉപയോഗിച്ച്‌ സ്ത്രീ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നതായും ഇത്തരത്തില്‍ പകര്‍ത്തിയ നാല് വിഡിയോകള്‍ പുറത്തുവിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.


തിങ്കളാഴ്ച രാവിലെയാണ് സ്വാമി ബസവലിംഗയെ പ്രാര്‍ഥന മുറിയുടെ ചുമരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ തന്നെ അപമാനിച്ചു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബസവലിംഗ ആരോപിച്ചിരുന്നു. അജ്ഞാതയായ സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേരുകള്‍ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.


സ്വാമിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആളുകളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും രാമനഗര എസ്.പി കെ.സന്തോഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് പിന്നില്‍ ഏതെങ്കിലും ഉന്നതരുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലിംഗായത്ത് മഠാധിപതി ഉള്‍പ്പെട്ട നാലു വീഡിയോകളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.


ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറില്‍ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യകരമായ കാരണങ്ങളായിരുന്നു ആത്മഹത്യക്ക് പിന്നില്‍. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രീ ഗുരുമദിവലേശ്വര്‍ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയും ജീവനൊടുക്കിയിരുന്നു.

Post a Comment

0 Comments