കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിലും മറ്റൊരു യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിലും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി. പരവൂരിൽ പീഡനക്കേസിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ആലിങ്ങപറമ്പിൽ ശ്രീജിത്തിനെയാണ് (29) പീഡനക്കേസിൽ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂർ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു.
യുവതിക്ക് അശ്ലീല വീഡിയോ അയച്ച പോലീസുകാരന് സസ്പെൻഷൻ. പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെ സസ്പെന്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശി ആണ് ഇയാൾ. വാഹന ചെക്കിങ്ങിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു പരാതി. അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
0 Comments