കാസര്‍കോട്: കടല്‍ത്തീര സംരക്ഷണത്തിനായി യുവവ്യവസായി യു.കെ യൂസഫ് നടത്തിവരുന്ന ശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനും മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും പ്രശംസ. നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മിച്ച യു.കെ.യൂസഫ് ഇഫക്ട്‌സ് സീവേവ് ബ്രേകേഴ്സ് പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിമാരായ റോഷി അഗസ്റ്റിനും അഹമദ് ദേവര്‍കോവിലും എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നും സി.എച്ച് കുഞ്ഞമ്പുവും ഇ. ചന്ദ്രശേഖരനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അടക്കമുള്ള ജനപ്രതിനിധികള്‍ യു.കെ യൂസഫിനെ പ്രശംസ കൊണ്ട് മൂടിയത്. ഈ പദ്ധതി ലോകത്തിന് തന്നെ മാതൃകയായി പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമാകട്ടെയെന്ന് അവര്‍ ആശംസിക്കുകയും ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
‘ഇത്തരമൊരു പദ്ധതിയുമായി യൂസഫ് തന്നെ പലതവണ വന്നുകണ്ടു. കടലിനെ പിടിച്ചുനിര്‍ത്താമെന്ന് പറഞ്ഞ് പല സംസ്ഥാനങ്ങളില്‍ നിന്നും പലരും വരാറുണ്ട്. അവരൊക്കെ സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടു. എന്നാല്‍ യൂസഫ് ആവശ്യപ്പെട്ടത് സര്‍ക്കാറിന്റെ സാമ്പത്തിക സഹായമൊന്നുമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന്റെ അനുമതി മാത്രമാണ് അദ്ദേഹം ചോദിച്ചത്. വിശദമായ പരിശോധനക്ക് ശേഷം നല്‍കുകയും ചെയ്തു. താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാതൃക ഒന്നരമാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കുമെന്ന് യൂസഫ് വാക്ക് തന്നു. അത് അദ്ദേഹം കൃത്യമായി പാലിച്ചു. ഇതിന്റെ ആദ്യത്തെ ഇഫക്ട് എന്ന് പറയുന്നത്, പറഞ്ഞാല്‍ പറയുന്ന സമയത്ത് കാര്യങ്ങള്‍ നടത്തിത്തരും എന്ന യൂസഫിന്റെ ഇഫക്ടാണ് -മന്ത്രി പറഞ്ഞു.
തീരസംരക്ഷണത്തിന് മാതൃകയായ ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്. അതിന് മുമ്പായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിക്കണം. വിഷയം മുഖ്യമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിക്കും. പഠന റിപ്പോര്‍ട്ട് അനുകൂലമായാല്‍ യൂസഫ് ഇഫക്ട് ലോകമാകെ അലയടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി ഏതാണ്ട് 574 കിലോമീറ്റര്‍ തീരദേശമുണ്ട്. ഇതില്‍ 65 കിലോമീറ്ററില്‍ കടല്‍ ക്ഷോഭം അതിരൂക്ഷമാണ്. തീരദേശങ്ങളുടെ സംരക്ഷണം ഇറിഗേഷന്‍ വകുപ്പ് മുഖ്യപരിഗണനയിലെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ഗാര്‍ഡന്റെയും സാംസ്‌കാരിക പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി അഹമദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ സൗജന്യമായാണ് യു.കെ.യൂസഫ് പദ്ധതി നെല്ലിക്കുന്ന് കടപ്പുറത്ത് നടപ്പാക്കിയത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. എം.എല്‍.എ.മാരായ സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷ്‌റഫ്, ഇ.ചന്ദ്രശഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നഗരസഭാ ചെയര്‍മാന്‍ വി.എം.മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാംഗം പി.രമേശന്‍, വാര്‍ഡ് കണ്‍സിലര്‍, അസീസ് കടപ്പുറം തുടങ്ങിയര്‍ സംസാരിച്ചു. യു.കെ യൂസഫ് സ്വാഗതം പറഞ്ഞു. ഗാനമേളയും അരങ്ങേറി.
0 Comments