നീലേശ്വരം: തൈക്കടപ്പുറം അഴിത്തല ബീച്ചിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കടലിൽ ഒഴുകുന്ന പാലം വരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കടലിൽ നിശ്ചിത ദൂരത്തിൽ തിലമാലകൾക്കിടയിൽ കൂടി സഞ്ചരിക്കാൻ പാകത്തിൽ പാലം തയാറാക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ ഇരു ഭാഗത്ത് കൈവരിയുള്ള പാലത്തിന്റെ അവസാന ഭാഗത്ത് സുരക്ഷിത പ്ലാറ്റ് ഫോമുകളും നിർമിക്കും. ഇവിടെനിന്ന് സൂര്യാസ്തമയവും കടലിന്റെ മനോഹര കാഴ്ചയും ആസ്വദിക്കാൻ കഴിയും.
എല്ലാ സുരക്ഷ സംവിധാനങ്ങളോടും കുടി നൂറുപേർക്ക് കയറാൻ കഴിയുന്ന രീതിയിലായിലായിരിക്കും ഒഴുകുന്ന പാലം നിർമാണം. അഴിത്തല ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിലായിരിക്കും പദ്ധതികൾ. ജില്ലയിൽ കൂടുതൽ സഞ്ചാരികൾ എത്തുന്ന അഴിത്തലയിൽ ഒഴുകും പാലം യാഥാർഥ്യമാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും. ബീച്ച് ഫെസ്റ്റ് ഉൾപ്പെടെ വിനോദ പരിപാടികളുകളും നീലേശ്വരം നഗരസഭ ആസൂത്രണം ചെയ്യും. 30 ഏക്കറിൽ പരന്നുകിടക്കുന്ന അഴിത്തലയിൽ ഇതിനകം കോടികളുടെ മറ്റ് വിവിധ പദ്ധതികൾക്ക് സർക്കാറിന്റെ ഉത്തരവ് കാത്തിരിക്കുകയാണ് നഗരസഭ. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിലാണ് ടൂറിസം പദ്ധതികൾ ഒരുക്കുകയെങ്കിലും നടത്തിപ്പ് ചുമതല സ്വകാര്യ സംരംഭകർക്ക് നൽകും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ