LATEST UPDATES

6/recent/ticker-posts

കൃഷി, അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, സ്ത്രീ ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

 


854161220 രൂപ വരവും 685014500 രൂപ ചിലവും 169146720 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ ടെക് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ തരിശു രഹിത നഗരം എന്ന ലക്ഷ്യത്തിനായി  

കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. എല്ലാ വാര്‍ഡിലും താല്പര്യമുള്ള യുവതി യുവാക്കളെ കണ്ടെത്തി നിലവിലുള്ള കാര്‍ഷിക കര്‍മ്മ സേനയെ വിപുലീകരിക്കും. വനിതകള്‍ക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷ, വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം എന്നിവ പ്രാദേശീയ സാമ്പത്തിക വികസനത്തില്‍ നടപ്പിലാക്കും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും, കുടിയേറ്റ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ലഭ്യമാക്കുക, തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ ബാങ്ക് രൂപീകരിക്കും. തൊഴില്‍ ബാങ്ക് വഴി മെച്ചപ്പെട്ട തൊഴില്‍ മേഖല സൃഷ്ടിക്കും.

ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും വിധം കാഞ്ഞങ്ങാടിന്റെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൈറ്റ്ബീച്ച്, നിത്യാനന്ദാശ്രമം, താമരക്കുളം, ഹോസ്ദുര്‍ഗ്‌കോട്ട, ആനന്ദാശ്രമം, മഞ്ഞംപൊതിക്കുന്ന്, ഗുരുവനം എന്നിവ ഉള്‍പ്പെടുന്ന ടൂറിസം സര്‍ക്കിളിന് രൂപം കൊടുക്കുന്ന പദ്ധതി തയ്യാറാക്കും. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ ഹോട്ടലുകളിലും തട്ടുകടകളിലും ജോലിയെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.


ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലേക്ക് നിലവിലുള്ള ഫ്രണ്ട് ഓഫീസ് സംവിധാനം വിവുലയപ്പെടുത്തും. കുടുംബശ്രീയില്‍ കഴിവും പ്രാപ്തിയുമുള്ള വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍ നല്‍കുന്ന ഇ ഗവേര്‍ണന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഫ്രണ്ട് ഓഫീസ് വഴി ലഭ്യമാക്കും.  


സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിന് വിധേയമായി ഇ ഫയലിംഗ് സംവിധാനവും, കൗണ്‍സില്‍ യോഗങ്ങള്‍,സ്ഥിരം സമിതി യോഗങ്ങള്‍ എന്നിവ ഐ.കെ.എം സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ നടപ്പിലാക്കും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍,കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങള്‍,കെട്ടിടങ്ങളുടെ കാലപ്പഴക്ക നിര്‍ണ്ണയ സാക്ഷ്യപത്രം, വ്യാപാര ലൈസന്‍സുകള്‍ എന്നിവ ഓണ്‍ ലൈന്‍ സംവിധാനത്തോടെ നടപ്പിലാക്കും. നഗരസഭ കാര്യാലയത്തില്‍ സോളാര്‍ സിസ്റ്റം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

ജീവനക്കാരുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിന് കിലയുമായി സഹകരിച്ച് പരീശീലന പരിപാടികള്‍ സംഘടിപ്പിക്കും. നഗരസഭയില്‍ ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം നടപ്പാക്കും.  


നെല്‍ കൃഷി കര്‍ഷകര്‍ക്ക് കൂലി ചെലവ്, തെങ്ങിന് ജൈവവളം, കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളുടെ വിതരണം, കാര്‍ഷിക കര്‍മ്മ സേനക്ക് ട്രാക്റ്റര്‍,സമഗ്ര പച്ചക്കറി വികസനം, വിദ്യാലയങ്ങളിലേക്ക് കാര്‍ഷികോപകരങ്ങള്‍ വിതരണം ചെയ്യല്‍ എന്നി പദ്ധതികള്‍ നടപ്പിലാക്കും. കൂടാതെ

കാര്‍ഷിക വികസന വകുപ്പുമായി സഹകരിച്ച് തെങ്ങ് കൃഷി ക്ലസ്റ്റര്‍ സംവിധാനം വിപുലപ്പെടുത്തും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടര്‍ന്നും നടപ്പിലാക്കും.


ക്ഷീരകര്‍ഷകര്‍ക്ക് പാലുല്‍പാദനം കണക്കാക്കി സബ്‌സിഡി വിതരണം, കറവ പശുക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റവിതരണം, വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം, മൃഗാശുപത്രിയില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ വെറ്റിനറി യൂണിറ്റിന് ഷെഡ് നിര്‍മ്മണം, മൃഗാശുപത്രിയില്‍ ആവശ്യമായ മരുന്ന് ഉപകരണങ്ങള്‍ വാങ്ങല്‍, ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രം വിതരണം, ക്ഷീര കര്‍ഷകര്‍ക്ക് വിര മരുന്ന് ധാതു ലവണങ്ങള്‍ നല്‍കല്‍, പുതുക്കൈ സബ് സെന്റര്‍ ഇലക്ട്രിഫിക്കേഷന്‍, തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് ഷെല്‍ട്ടര്‍ ഹോം, വളര്‍ത്ത് നായ്ക്കള്‍ക്കും തെരുവ് നായ്ക്കള്‍ക്കും രണ്ടാം ഘട്ട വാക്‌സിനേഷന്‍ നല്‍കല്‍, എ.ബി.സി പ്രോഗ്രാം എന്നിവ മൃഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കും. മത്സ്യബന്ധന മേഖലയില്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും പദ്ധതിയുണ്ട്. കൂട്ടിലെ മത്സ്യകൃഷി, മുറ്റത്തൊരു മീന്‍ തോട്ടം, മത്സ്യ തൊഴിലാളികളുടെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണിച്ചര്‍, മത്സ്യതൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ്, മത്സ്യഭവന്‍ ഓഫീസിലേക്ക് കംപ്യൂട്ടറും അനുബന്ധ സൗകര്യങ്ങളും, കടലോര ശുചീകരണം, ഫിഷറീസ് ഹൈസ്‌ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്നിവ നടപ്പിലാക്കും.

കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ള അശരണര്‍ക്കും മറ്റും വാതില്‍പ്പടി സേവനം. 60 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍, ചലന പരിമിതി അനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. നഗരസഭയുടെ വിവിധ സേവനങ്ങള്‍ വാതില്‍പ്പടി സേവന ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പദ്ധതി ആരംഭിക്കും.


അങ്കണ്‍വാടികള്‍ക്ക് ചുവര്‍ചിത്രങ്ങള്‍, ഔട്ട് ഡോര്‍ കളി ഉപകരണങ്ങള്‍ വാങ്ങല്‍, കുടിവെള്ള സൗകര്യം ഒരുക്കല്‍, അടമ്പ്, നിട്ടടുക്കം, പുതിയ കോട്ട അങ്കണ്‍വാടികള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി നിര്‍മ്മിതി കേന്ദ്ര വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റും, അങ്കണവാടി കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി കലാത്സവം സംഘടിപ്പിക്കും. അങ്കണ്‍വാടികള്‍ക്ക് പൂരകപോഷകാഹാരം, ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എച്ച് ഐ വി ബാധിതര്‍ക്കും, ക്ഷയരോഗികള്‍ക്കും പോഷകാഹാരം, ഭിന്നശേഷി കലാമേള എന്നിവയും ബജറ്റ് വര്‍ഷത്തില്‍ നടപ്പിലാക്കും. നഗര ടൗണ്‍പ്ലാനിങ് വിഭാഗം വിവിധ സന്നദ്ധ സംഘടനകള്‍,രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ച നടത്തി മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കും. റവന്യൂ, കൃഷി വകുപ്പുകളുമായി സഹകരിച്ച് തീരദേശ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരദേശ റോഡില്‍ നിന്ന് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം അനുമതി നല്‍കുന്നതിന് മുമ്പായി നിരാക്ഷേപ സാക്ഷ്യപത്രം നല്‍കുന്നതിന് നടപടി സ്വീകരിക്കും. കോവളം ബേക്കല്‍ നിര്‍ദ്ദിഷ്ട ജലപാതയുടെ ഭാഗമായി നഗരസഭയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ടുന്ന ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യമായ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി നഗരസഭയില്‍ നടപ്പിലാക്കും.


സേവന മേഖലയില്‍ ഏറ്റവും വ്യത്യസ്തമായി നടപ്പിലാക്കിയ പദ്ധതിയാണ് ''കുടുംബശ്രീ ഭവന നിര്‍മാണ ഗ്രൂപ്പുകള്‍''.നിര്‍മ്മാണ മേഖലയില്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി ഇവര്‍ക്ക് അംഗീകൃത പരിശീലന ഏജന്‍സികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് പരിശീലനം നല്‍കി ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ ഭവനനിര്‍മ്മാണത്തിന് ഭവനനിര്‍മ്മാണ ഗ്രൂപ്പുകളുടെ സഹായം നല്‍കും.


കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന സേവനങ്ങളും, രോഗീ പരിചരണവും നല്‍കാന്‍ പ്രാപ്തമായ പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വയോജന പരിപാലന പദ്ധതി സഭാതലത്തില്‍ കൊണ്ടുവരും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മനുഷ്യ വിഭവശേഷി വികസിപ്പിച്ചും, വരുമാനദായകവും ഫലപ്രദവുമായ സംരംഭങ്ങളില്‍ പങ്കാളികളാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍ രഹിതരായ യൂവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനായി ധനസഹായം നല്‍കല്‍,ഡ്രൈവിംഗ് പഠിച്ച് ലൈസന്‌സ് നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ, ടാക്‌സി കാര്‍, ഗുഡ്‌സ് കാരിയര്‍ വാങ്ങുന്നതിന് സഹായം നല്‍കല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ വീട് പുതുക്കി പണിയുന്നതിന് സഹായം നല്‍കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ട് അപ് മിഷന്‍ കേരള അക്കാമദി ഓഫ് സ്‌കില്‍സ് എക്‌സലന്‍സ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഒരു കൂട്ടം സംരംഭകരെ വാര്‍ത്തെടുക്കുവാനും അവര്‍ക്ക് വായ്പ നല്‍കുവാനും പദ്ധതി ലക്ഷ്യമിടുന്നു.


സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി രൂപ ലഭ്യമാക്കി അത്തിക്കോത്ത് കല്യാണ്‍ റോഡ് പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഭൂരഹിതരായ പട്ടിജാതി കുടുംബങ്ങളെ കണ്ടെത്തി ഭൂമി നല്‍കി ഭവന നിര്‍മ്മാണ ധനസഹായം കമ്യൂണിറ്റി ഹാളുകളില്‍ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തല്‍, വീടുകളില്‍ സൗര ഗാര്‍ഹിക വിളക്ക് സ്ഥാപിക്കല്‍, ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് നല്‍കല്‍, വയോജനങ്ങള്‍ക്ക് കട്ടില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് പ്രീമെട്രിക്ക് ഹോസ്റ്റലിലേക്ക് ഖാദി ബെഡ്, ബെഡ്ഷീറ്റ്, തലയണ ബ്ലാങ്കെറ്റ് എന്നിവ വാങ്ങുന്നതിനും തുക വകയിരുത്തി. മോനാച്ച പ്രദേശത്ത് കയാക്കിംഗ് പാര്‍ക്ക്,പ്രാദേശിക പരമ്പരാഗത ഭക്ഷണം കലകള്‍,ഗോത്രകലകള്‍ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കും.


നഗര സഭയുടെ കീഴിലുള്ള എല്ലാ റോഡ് ആസ്തികളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി റോഡ് കണക്ടിവിറ്റി മാപ്പിംഗ് നടത്തും. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ വികസിപ്പിച്ച ആര്‍-ട്രാക്ക് മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഇതിനായി ഉപയോഗിക്കും.ഇത് വഴി നാല്‍പ്പത്തിമൂന്ന് വാര്‍ഡുകളിലെയും റോഡുകള്‍ അവയുടെ നീളം വീതി എന്നിവ കൃത്യമായി രേഖപ്പെടുത്തി ആസ്തി രജിസ്റ്റര്‍ കാലികമാക്കിയെടുക്കാന്‍ സാധിക്കും ഇതിന് ഒരു വാര്‍ഡിന് ഒരു ലക്ഷം രൂപ ചെലവഴിക്കും. വിദ്യാഭ്യാസരംഗത്ത് ഭൗതീകസാഹചര്യങ്ങളുടെ വികസനത്തോടൊപ്പം ഗുണമേന്‍മയിലും മികവുനേടേണ്ടതുണ്ട്. വൃത്തിയുള്ള മുറികള്‍, കളിസ്ഥലം ശുചിമുറികള്‍, വാഷ്ഏരിയ എന്നിവ സ്‌കൂളുകളില്‍ നടപ്പാക്കും. വായനാശീലം വളര്‍ത്താനായി സ്‌കൂളുകളില്‍ വര്‍ത്തമാനപ്പത്രം ലഭ്യമാക്കും. സ്‌കൂള്‍ ലൈബ്രറികളെ ശാക്തീകരിക്കും.

ഉന്നത വിജയികളെ അനുമോദിക്കാനായി വിജയോല്‍സവം സംഘടിപ്പിക്കും. ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്നും പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കായി തുല്യതാ പഠനത്തിന് പ്രാധാന്യം നല്‍കും. കൃഷിയില്‍ താല്‍പര്യമുള്ള ഒരു തലമുറയുടെ സൃഷ്ടിക്കാന്‍ സ്‌കൂളുകളില്‍ കൃഷി സാധ്യമാക്കും. കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ കൃഷി ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കും. മുനിസിപ്പല്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍,അംഗീകൃത ലൈബ്രറികള്‍ക്കും സാംസ്‌ക്കാരിക നിലയങ്ങള്‍ക്കും സൗണ്ട് സിസ്റ്റം, ക്ലബുകള്‍ക്ക് സ്‌പോട്‌സ് കിറ്റ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ബെഞ്ചും ഡസ്‌കും, ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്റ്റ് റിപ്പയര്‍ നെല്ലിക്കാട്ട് സാംസ്‌കാരിക നിലയത്തിനും ഐങ്ങോത്ത് മുന്‍സിപ്പല്‍ വായനശാലയ്ക്കും സൌണ്ട് സിസ്റ്റം നല്‍കല്‍, സ്‌കൂള്‍ ലൈബ്രറികളുടെ ശാക്തീകരണം, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ, ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ് എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് പെയിന്റിംഗ്, അരയി ഗവ.യു പി സ്‌കൂളിന് ചുറ്റുമതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ശാസ്ത്ര കലാ സാഹിത്യ പഠന ക്യാമ്പ്, കാഞ്ഞങ്ങാട് സൌത്ത് ജി വി എച്ച് എസ് എസ് കെട്ടിടം അറ്റകുറ്റ പണി, ജി എച്ച് എസ് എസ് ഹൊസ്ദുര്‍ഗ് ടോയ്‌ലറ്റ് സമുച്ചയം നിര്‍മ്മാണം, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൌത്ത് ടോയ്‌ലറ്റ് സമുച്ചയ നിര്‍മ്മാണം, പടന്നക്കാട് ജി എല്‍ പി എസ് കെട്ടിടം വൈദ്യുതീകരണം, പടന്നക്കാട് ജി എല്‍ പി എസ് കെട്ടിടം റിപ്പയര്‍, ഏസി.കെ.എന്‍ എസ് മേലാംങ്കോട്ട് കുഴല്‍ കിണര്‍ നിര്‍മ്മാണം, പി പി ടി എസ് വിദ്യാലയത്തിന് ടോയ്‌ലറ്റ് നിര്‍മ്മാണം, പുഞ്ചാവി ജി എല്‍ പി എസ് കുടിവെള്ള സംവിധാനം, ബല്ലാ ഈസ്റ്റ് ജി എച്ച് എസ് എസ് ഹയര്‍ സെക്കന്ററി കെട്ടിടത്തില്‍ മേല്‍കൂര ഷീറ്റ് നിര്‍മ്മാണം, പുതുക്കൈ ജി യു പി എസ് കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ടോയ്‌ലറ്റും വാഷ് ഏരിയയും, ആറ് ക്ലാസ് മുറികള്‍ ടൈല്‍ പാകല്‍,മുകള്‍ നില പ്ലാസ്റ്ററിംഗ് ജി എഫ് എല്‍ പി എസ് ഹൊസ്ദുര്‍ഗ് കടപ്പുറം കിച്ചണ്‍ വൈദ്യുതീകരിക്കല്‍,ജി എഫ് എച്ച് എസ് മരകാപ്പ് കടപ്പുറം പ്രവേശന കവാടം,ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ പവലിയന്‍ നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, ഐങ്ങോത്ത് മുനിസിപ്പല്‍ വായനശാലയ്ക്ക് പെയിന്റിംഗ്, ജി.എച്ച്.എസ്.എസ് ഹൌസ്ദുര്‍ഗ് അസംബ്ലി ഹാളില്‍ വൈദ്യുതീകരണം, അരയി സ്‌കൂള്‍ മ്യുസിയം വിപുലീകരണം, തെരുവത്ത് സ്‌കൂളില്‍ വൈദ്യുതീകരണം, അരയി പ്രീപ്രൈമറി സ്‌കൂള്‍ കെട്ടിട ത്തിലേക്കുള്ള നടപ്പാത റാമ്പ്,പാടി സാംസ്‌കാരിക നിലയം റിപ്പയറിംഗ് പെയിന്റിംഗ്,ജി യു പി.എസ് ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ടോയ്‌ലറ്റ് നിര്‍മ്മാണം,അംഗീകൃത ലൈബ്രറിള്‍ക്ക് പത്രം, കോട്ടച്ചേരി ജി.എല്‍.പി സ്‌കൂള്‍ ഒന്നാം നിലയില്‍ കമ്പ്യുട്ടര്‍ ലാബ്, ഗ്രൌണ്ട് ബാക്കി ഭാഗം ഇന്റര്‍ ലോക്ക് പാകല്‍ തുടങ്ങി വിദ്യാഭ്യാസ-കലാ-കായിക- മേഖലയുടെ സമഗ്ര വികസന ലക്ഷ്യത്തോടെ നഗരസഭ നിരവധി പദ്ധതികള്‍ നടപ്പിലാക്കും.


കാഞ്ഞങ്ങാടിന്റെ കലാ-സാംസ്‌ക്കാരിക പശ്ചാത്തലങ്ങളെ പരിപോഷിപ്പിക്കുന്നതിന് കാഞ്ഞങ്ങാട് മഹോത്സവം, അന്താരാഷ്ട്ര പ്രദര്‍ശനം നടത്തും. നാടന്‍ പാട്ട്, അലാമിക്കളി, പൂരക്കളി,ഒപ്പന,കോല്‍ക്കളി,നാടകം,സിനിമ തുടങ്ങിയവയുടെ അവതരണം, അതത് മേഖലയിലെ കലാകാരന്‍മാരെ ആദരിക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്. കാഞ്ഞങ്ങാട്ടെ കായിക പ്രതിഭകളെ കണ്ടെത്തി കബഡി, വടം വലി, ഫുട്‌ബോള്‍, വോളി ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ പ്രദര്‍ശന മത്സരങ്ങള്‍ തീരദേശത്തിന്റെ മനോഹാരിതയില്‍ ബീച്ച് ഫെസ്റ്റ് പോലുള്ള പരിപാടികള്‍ കൂടുതല്‍ ആകര്‍ഷണീയമാകും. ലൈബ്രറികളെ പങ്കെടുപ്പിച്ചു കൊണ്ട് പുസ്തകോത്സവം, സാഹിത്യ അക്കാദമിയുടെ സഹായത്തോടെ സാഹിത്യോത്സവം,ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര മേള,സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ നാടകോത്സവം എന്നിവയും നടത്തും. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര മികവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് പരിസ്ഥിതി-ശാസ്ത്ര-കലാ-സാഹിത്യ-ചലച്ചിത്ര പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യമേഖലയുടേയും അടിത്തറ ശക്തമാക്കും. ജീവിതശൈലീരോഗങ്ങള്‍ പരിശോധനകളിലൂടെ വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും സൗകര്യമേര്‍പ്പെടുത്തും.ഡയാലിസിസ് രോഗികള്‍ക്ക് മരുന്നും സാമ്പത്തിക സഹായവും നല്‍കും. കിടപ്പുരോഗികള്‍ക്കും വയോജനങ്ങള്‍ക്കും അത്യാവശ്യമരുന്നുകളും മെഡിക്കല്‍കോട്ട് വാക്കിംഗ്‌സ്ടിക്ക് വീല്‍ചെയര്‍ മുതലായ സഹായ ഉപകരണങ്ങളും നല്‍കും.വയോമിത്രം പാലിയേറ്റീവ് പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.


ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍,ക്ലീന്‍ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഹരിതകര്‍മ്മ സേനയെ മികച്ച മാലിന്യ സംസ്‌കരണ യൂണിറ്റാക്കി മാറ്റുന്നതിന് വേണ്ടുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും.

നഗരസഭയിലെ കോഴിക്കടകളില്‍ കൃത്യമായ ശാസ്ത്രീയമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി ലൈസന്‍സിംഗ് ഏര്‍പ്പെടുത്തും.

പുതുക്കൈ വില്ലേജിലെ ചെടി റോഡില്‍ റവന്യു വകുപ്പ് നഗരസഭ് അനുവദിച്ച 40 സെന്റ് സ്ഥലത്ത് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും.  ടൗണ്‍ സ്വകയര്‍ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സായാഹ്നങ്ങളില്‍ പൊതു വിടം എന്ന സങ്കല്‍പ്പത്തിലലക്ക് ഇനിന്നെ മാറ്റി കൊണ്ടുവരുന്നതാണ്.പൈതൃകനഗരം പദ്ധതിയുടെ ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാന്തോപ്പ് മൈതാനം സംരക്ഷിച്ച് ചരിത്ര നഗരിയാക്കി മാറ്റും. അതിന് റവന്യു വകുപ്പിന്റെ സഹകരണതോടെ കാസറഗോഡ് വികസന പാക്കേജില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ ബജറ്റ് വര്‍ഷത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതാണ്.


സമ്പൂര്‍ണ്ണ ഭവന പദ്ധതി എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി 2017 വര്‍ഷത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ ലൈഫ് പി എം എ വൈ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കി വരുന്നു ആകെ നാല് ഘട്ടങ്ങളിലായി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ 2220 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ വീട് നിര്‍മ്മാണത്തിന് അനുയോജ്യരാണെന്ന് കണ്ടെത്തിയ 1922 ഗുണഭോക്താക്കളില്‍ 830 പേരാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഭവന നിര്‍മ്മാണ ഗുണഭോക്താക്കള്‍ക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 25000 രൂപ അധികമായി നല്‍കുകയും ഇവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഊര്‍ജ്ജസംരക്ഷണത്തിന് എല്‍ ഇ ഡി ബള്‍ബുകളും നല്‍കി വരുന്നതിനുള്ള അംഗീകാര്‍ ക്യാമ്പയിന്‍ എന്ന പദ്ധതിയും നടപ്പിലാക്കി. പി എം എ വൈ പദ്ധതിയില്‍ ഇതു വരെയായി 33.3 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു എന്ന അഭിമാനകരമായ നേട്ടം നഗരസഭ കൈവരിച്ചു.


നഗരസഭയിലെ പുതുക്കൈ,ബല്ല,കാഞ്ഞങ്ങാട് വില്ലേജുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി അമൃത് 2.0 പദ്ധതിയില്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും.മൂന്ന് വില്ലേജുകളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അമൃത് പദ്ധതിയില്‍ 21 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഈ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്നതിന് മുമ്പായി പദ്ധതി തയ്യാറാക്കാന്‍ അനുയോജ്യമായ ഏജന്‍സിയെ കണ്ടെത്തും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ഇന്ന് നമ്മുടെ പ്രദേശത്ത് അത്യാവശ്യമാണ്. പുതിയ പേരുകളിലും രൂപത്തിലും കടന്നു വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം വിമുക്തി മിഷന്‍ സഹായ ത്തോടെ വിവിധ ക്ലബ്ബുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തും.


നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിനും ഒപ്പം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്കിംഗ് ഫീസ് നിശ്ചയിച്ച് മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കുന്നതിന് തുടക്കം കുറിക്കും. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പുതിയ ബസ്റ്റാന്‍ഡ് എന്നിവയെ ബന്ധിപ്പിച്ച് നിലവിലുള്ള ഗതാഗത നിയമങ്ങള്‍ അപ്പാടെ പരിഷ്‌കരിക്കുന്നതാണ് നിലവിലെ ഓട്ടോ സ്റ്റാന്റ്റുകളുടെ പ്രവര്‍ത്തനത്തിലും നടത്തിപ്പിലും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ്. ഓട്ടോറിക്ഷകള്‍ക്ക് നഗരസഭ തല രജിസ്ട്രഷന്‍ കൊണ്ടുവരും. രജിസ്ട്രഷേന്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം,പോലീസ് അധികാരികള്‍,ജില്ലാ ഭരണകൂടം, ഗതാഗത വിഭാഗം എന്നിവയുമായി സഹകരിച്ച് ശാസ്ത്രീയമായ രീതിയില്‍ ഗതാഗത നിയമ പരിപാലനം സാധ്യമാകും.


അലാമിപ്പള്ളി ബസ്റ്റാന്‍ഡ് പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് താല്‍ക്കാലികമായി അടച്ചിടും. അലാമിപ്പാളി ബസ്സ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍ ഓഫീസ് മുറികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ലേലം/ടെണ്ടര്‍ നടപടികളിലൂടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിന് തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ അറിയിച്ചു.

Post a Comment

0 Comments