അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്. സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. തുടർന്ന് അഭിനയത്തിൽ ഒരു കൈ പയറ്റാം എന്ന ധാരണയിൽ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ. തുടർന്നും ചെറുവേഷങ്ങൾ ഇന്നസെന്റിനെ തോടിയെത്തി. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടർന്ന് കർണാടകയിലെ ദാവൺഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരൻ സണ്ണി, കസിൻസായ ജോർജ്, ഡേവിസ് എന്നിവർ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയിൽ ഇന്നസെന്റ് സജീവമായി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ