തിങ്കളാഴ്‌ച, മേയ് 15, 2023

 



ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കും. കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ ന്യൂഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക..ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഐക്യകണ്‌ഠേനയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗയെ ചുമതലപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാന്റ് നീക്കം. അതിനിടെ എഐസിസി നിരീക്ഷകന്‍ സുഷീല്‍ കുമാര്‍ ഷിന്‍ഡെ എം എന്‍ സിമാരുമായി ആശയവിനിമയം നടത്തി. സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷം ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.


എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ന്ദീപ് സിംഗ് സുര്‍ജെവാല എന്നിവര്‍ ബെംഗളൂരുവില്‍ തുടരുന്നുണ്ട്. തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഇല്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് നേതൃത്വത്തിന്റ ശ്രമം. നിലവില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യക്കാണ് സാധ്യത. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കി ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ശ്രമം. രണ്ടാമത്തെ ടേമില്‍ ശിവകുമാറിന്റെ മുഖ്യമന്ത്രിയാകക്കുമെന്ന ഉറപ്പും ഹൈക്കമാന്റ് നല്‍കിയേക്കും. കര്‍ണാടകയിലെ നിലവിലെ സ്ഥിതിഗതികള്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. അതേസമയം മന്ത്രിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മലയാളികളായ കെ ജെ ജോര്‍ജ്, എന്‍ എ ഹാരിസ് എന്നിവര്‍ക്ക് നറുക്ക് വീണേക്കും. നാളെ മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ