പൂച്ചക്കാട് : പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ മരണത്തിന് മുമ്പ് നഷ്ടപ്പെട്ട 596 പവൻ സ്വർണ്ണം അസാധാരണമാം വിധം നഷ്ടപ്പെട്ടുവെന്ന ബന്ധുക്കളുടെ പരാധിയെ തുടർന്ന് അന്വേഷണം നടത്തുന്ന ബേക്കൽ പോലീസ് ഉദ്യോഗസ്ഥർ സ്വർണ്ണം കണ്ടെത്താൻ ഇന്നലെ ഹാജിയുടെ വീട് പരിസരത്തും ബോംബ് സ്ക്വഡിന്റെ സഹായത്തോടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തി. പലരിൽ നിന്നായി എം.സി.അബ്ദുൾ ഗഫൂർ ഹാജി വാങ്ങിയ ആഭരണം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വീട്ടിൽ നിന്നും നഷ്ടമായെന്ന് കാണിച്ച് പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് പലരെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും നഷ്ടമായ സ്വർണ്ണം കണ്ടെത്തിയില്ല.
ഈ വിടുമായി ബന്ധമുള്ള ഒരു യുവതിക്കും അവരുടെ ഭർത്താവിനും ആഭരണം നഷ്ടപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ചായിരുന്നു പോലീസിൽ പരാതി നൽകിയത്. ആഭരണം ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്കിടയിൽ സംസാരമുണ്ടായിരുന്നു.
ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പ്രത്യേക പരിശീലനം നേടിയ മറ്റൊരു സംഘവുമാണ് ഇന്നലെ രാവിലെ 11 മണി മുതൽ 3 മണി വരെ പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.
നഷ്ടപ്പെട്ട സ്വർണ്ണം വീട്ടുപറമ്പിൽ കുഴിച്ചിട്ടുവെന്ന സൂചനയെ തുടർന്നാണ് മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ സംഘം പരിശോധിച്ചത്. ഡിറ്റക്ടർ ശബ്ദമുണ്ടാക്കുന്ന സ്ഥലങ്ങളിലൊക്കെ കുഴി എടുത്തുവെങ്കിലും സ്വർണ്ണം കണ്ടെത്താനായില്ല. 50 ലധികം സ്ഥലങ്ങളിൽ കുഴിയെടുത്തു നോക്കിയിട്ടും ഫലം കാണാതെ സംഘം മടങ്ങി.
സ്ഥലത്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ ഹസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട്, വൈസ് ചെയർമാന്മാരായ ബി.കെ.ബഷീർ, കപ്പണ അബൂബർ എന്നിവരുമുണ്ടായിരുന്നു.
ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും അന്വേഷണ വേഗത ഊർജ്ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകുന്നേരം 4.30 ന് കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസ് നടക്കും. ഉദുമ എം.എൽ.എ.സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ടീയ - സാമൂഹ്യ മത നേതാക്കൾ സംബന്ധിക്കും.
0 Comments