മുസ്‌കാന്‍ ഖാന്റേത് എന്ന പേരില്‍ ജീന്‍സും ടീ ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ഒരാള്‍ ഹിന്ദിയില്‍ കുറിച്ചത് ഇങ്ങനെയാണ്; ‘ഹിജാബ് അവകാശത്തിനായി പോരടിച്ച ഈ പെണ്‍കുട്ടി മുസ്‌കാനെ ഓര്‍ക്കുന്നുണ്ടോ? അവര്‍ ഇപ്പോള്‍ ലണ്ടനിലാണ്. കര്‍ണാടകയിലെ ബിജെപിക്കെതിരെ പ്രതിഷേധിച്ച ശേഷം ജോലിയും ജീവിതവും ഉറച്ചു. സര്‍ക്കാര്‍ മാറി. ടൂള്‍ കിറ്റ് പൂര്‍ണമായി’. മുസ്‌കാന്‍ ലണ്ടനിലെത്തിയതോടെ ഹിജാബ് ഉപേക്ഷിച്ചു, കര്‍ണാടകയില്‍ മാത്രമേ ഹിജാബ് ധരിച്ചുള്ളൂ എന്നിങ്ങനെയുള്ള അവകാശവാദങ്ങളുമായി നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. സംഘ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നായിരുന്നു ഈ ട്വീറ്റുകള്‍.
യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന് മുസ്‌കാന്‍ ഖാനുമായി ബന്ധമൊന്നുമില്ല എന്നതാണ് വസ്തുത. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സയേമയുടേതാണ് ഈ ചിത്രം. വെരിഫൈഡ് ഹാന്‍ഡ്ലുള്ള ആര്‍ജെയാണ് സയേമ. 2023 ജൂണ്‍ ആറിന് ലണ്ടന്‍ ഈസ് ബ്യൂട്ടിഫുള്‍ (ലണ്ടന്‍ മനോഹരമാണ്) എന്ന ശീര്‍ഷകത്തോടെ സയേമ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണിത്. ചിത്രം തന്റേതു തന്നെയാണെന്ന് സയേമ വ്യക്തമാക്കിയിരുന്നു.
അതിനിടെ, വിദേശത്തു നിന്നുള്ള നിരവധി സര്‍വകലാശാലകളില്‍നിന്ന് തനിക്ക് പ്രവേശന വാഗ്ദാനം ലഭിച്ചിരുന്നു എന്നും അതെല്ലാം നിരസിക്കുകയായിരുന്നു എന്നും മുസ്‌കാന്‍ ഖാന്‍ പറഞ്ഞു. വിദേശത്തു പോയി പഠിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും 2023 ഏപ്രില്‍ 15ന് ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. മുസ്‌കാന്‍ വിദേശത്തു പോയിട്ടില്ലെന്ന് പിതാവ് മുഹമ്മദ് ഹുസൈന്‍ ഖാനും പ്രതികരിച്ചു.
0 Comments