വെള്ളിയാഴ്‌ച, ജൂലൈ 14, 2023

 



പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന കേരളത്തിന് പുറത്തുള്ള ലാബിലേയ്ക്ക് അയക്കണമെന്നും അതിലെ ദുരൂഹത മാറ്റണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


    കഴിഞ്ഞ ദിവസമാണ് ബേക്കൽ പോലീസിന് ഫലം ലഭിച്ചത്. രാസപരിശോധന ഫലം പുന:പരിശോധിക്കണമെന്നും, പ്രതി എന്ന് സംശയിക്കുന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 


   ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹസൈനാർ ആമു ഹാജി അധ്യക്ഷനായി. കൺവീനർ സുകുമാരൻ പൂച്ചക്കാട് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, സിദ്ദീഖ് പളളിപ്പുഴ, പൂച്ചക്കാട് ജമാഅത്ത് മുൻ പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം.മൂസ, ബി.കെ.ബഷീർ, കപ്പണ അബൂബക്കർ, മുഹാജിർ കെ.എസ്, അലി പൂച്ചക്കാട്, പി.കുഞ്ഞാമദ് പൂച്ചക്കാട്, കെ.മുഹമ്മദ് തൊയിബ്, ടി.പി.അബ്ദുൾ റഹ്മാൻ, ബഷീർ പൂച്ചക്കാട് എന്നിവർ സംസാരിച്ചു.


     ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 596 പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. 12 കുടുംബാംഗങ്ങളിൽ നിന്നുമാണ് ഹാജി സ്വർണ്ണം സ്വരൂപിച്ചത്. ഒരു മന്ത്രവാദിനിയുടെ ഇടപെടലാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയമുണ്ടാകാൻ കാരണം. കഴിഞ്ഞ കുറെ കാലമായി മന്ത്രവാദിനി ഗഫൂർ ഹാജിയെ ചുറ്റിപറ്റി നടന്നിരുന്നുവത്രെ. ഈ മന്ത്രവാദിനിയെക്കുറിച്ച് നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. നേരത്തെ കാസർഗോഡ് വ്യാപാരിയിൽ നിന്നും 40 ലക്ഷം രൂപയും, അജാനൂർ മുട്ടുന്തലയിലെ ഗൾഫ് വ്യാപാരിയിൽ നിന്ന് നിധിയുണ്ടെന്ന് പ്രലോഭിപ്പിച്ച് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തിരുന്നു അതു കൊണ്ട് തന്നെയാണ് ഗഫൂർ ഹാജിയുടെ മരണത്തിലും സംശയമുണ്ടാകാൻ കാരണം. ബേക്കൽ ഡി വൈ എസ് പി; സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


    ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സായാഹ്ന സദസ്, ബഹുജന ഒപ്പ് ശേഖരണം എന്നിവ നടന്നിരുന്നു. ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാരവാഹികൾ നേരിട്ട് കൈമാറിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ