റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കാരിയെ യുവാവ് തട്ടിക്കൊണ്ട് പോയി

LATEST UPDATES

6/recent/ticker-posts

റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കാരിയെ യുവാവ് തട്ടിക്കൊണ്ട് പോയി



തൃശ്ശൂര്‍: ചൈല്‍ഡ് ലൈന്‍ പ്രവർത്തകരെ ആക്രമിച്ച് 16കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിക്കൊപ്പം എത്തിയ യുവാവാണ് തട്ടിക്കൊണ്ടുപോയത്. ഇരുവരേയും കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുലർച്ചെ ഒരു യുവാവിനൊപ്പം കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് റെയിൽവേ പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി പെൺകുട്ടിയെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെ യുവാവ് സ്റ്റേഷനിൽ നിന്നും മുങ്ങി.ഇന്ന് രാവിലെയോടെ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് യുവാവ് എത്തുകയായിരുന്നു. തുടർന്ന് ഇയാൾ ബിയർ കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ ഇയാൾ പെൺകുട്ടിയുമായി രക്ഷപ്പെട്ടു.

സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ട്രെയിനിലേക്ക് ഇയാളും പെൺകുട്ടിയും ഓടിക്കയറി. എന്നാൽ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. ഇതോടെ ട്രെയിനിൽ നിന്നും ഇറങ്ങി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടന്നു. സംഭവം ശ്രദ്ധയിൽ പെട്ട റെയിൽവേ പോർട്ടർമാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ കുട്ടിയേയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനിടയിൽ ചൈൽഡ് ലൈൻ അംഗത്തിന് പരിക്കേറ്റു.


പെൺകുട്ടി അസം സ്വദേശിയാണെന്നാണ് കൗൺസിലിങ്ങിൽ മനസിലാക്കാൻ സാധിച്ചതെന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോൾ മകളെ കാണാനില്ലെന്ന് അറിയിച്ചതായും പരാതി നൽകിയതായും ഇവർ അറിയിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ സി ഡബ്ല്യു സി ഷെൽട്ടറിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കുന്നതിനിടെയായിരുന്നു കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്. യുവാവിന് 20 വയസിനോട് അടുത്ത് പ്രായമുണ്ടാെന്നാണ് വിവരം. റെയിൽവേ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ഒരു ആര്‍ പി എഫ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുതായി റെയിൽവേ പോലീസ് അറിയിച്ചു.

Post a Comment

0 Comments