ബിരിയാണിയ്‌ക്കൊപ്പം വീണ്ടും തൈര് ചോദിച്ച യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ അടിച്ചുകൊന്നു

LATEST UPDATES

6/recent/ticker-posts

ബിരിയാണിയ്‌ക്കൊപ്പം വീണ്ടും തൈര് ചോദിച്ച യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ അടിച്ചുകൊന്നു
ബിരിയാണിയ്‌ക്കൊപ്പം കഴിക്കാന്‍ കുറച്ച് തൈര് അധികം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഹൈദരാബാദ് സ്വദേശിയെ ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഇദ്ദേഹം മരിച്ചത് മര്‍ദ്ദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരനായ യുവാവ് തന്റെ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ബിരിയാണി കഴിക്കുന്നതിനിടെ കുറച്ച് കൂടി തൈര് വേണമെന്ന് യുവാവ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.

തര്‍ക്കം മുറുകിയതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യേറ്റം ആരംഭിച്ചു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തു. ഇരുസംഘത്തെയും പഞ്ചഗുട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തു.

അതേസമയം മര്‍ദ്ദനമേറ്റെങ്കിലും യുവാവിന്റെ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തി കുറച്ച് സമയത്തിനുള്ളില്‍ യുവാവ് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. പിന്നീട് ഇദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു. പോലീസുകാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്നാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments