മാലിന്യനിര്‍മ്മാര്‍ജ്ജന പോരാട്ടത്തില്‍ മികച്ച മുന്നേറ്റവുമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുകയാണ് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന. 'ക്ലീന്‍ ഊര് അജാനൂര്‍ ' എന്ന പദ്ധതിയിലൂടെ വേറിട്ട ഇടപെടലുകള്‍ നടത്തി മാലിന്യമുക്തമായ കരുത്തുറ്റ അജാനൂരിനെ സൃഷ്ടിച്ചെടുക്കാന്‍ ഹരിതകര്‍മ്മസേനക്ക് സാധിച്ചു. നിലവില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ യൂസര്‍ ഫീ ശേഖരണം നടത്തിയ ഗ്രാമപഞ്ചായത്താണ് അജാനൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ മാസത്തിലെ യൂസര്‍ ഫീസ് കളക്ഷന്‍ 5 ലക്ഷം രൂപ പിന്നിട്ടിരുന്നു. ഗ്രാമപഞ്ചായത്തിലെ 77ശതമാനം ആളുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസക്കാലമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ഡുകളിലെ എല്ലാ വീടുകളിലേക്കും മാസത്തിലൊരുതവണ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എത്തിച്ചേരുകയും മാലിന്യം ശേഖരിക്കുകയും ചെയ്യുന്നു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയിലേക്ക് എത്തിക്കുകയും അവിടെ നിന്ന് മാലിന്യ സംസ്‌കരണത്തിനു വേണ്ടി തരംതിരിച്ച് കൈമാറുകയും ചെയ്യുന്നു. കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ നല്‍കാനും പാഴ്‌വസ്തുക്കളില്‍ നിന്നും മികച്ച ഉത്പന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങള്‍ തുടങ്ങിയും മറ്റ് നൂതന സംരംഭ മാതൃകകള്‍ നടപ്പാക്കിയും സ്വയംപര്യാപ്തമാകാന്‍ ഹരിത കര്‍മ്മസേനകള്‍ ശ്രമിക്കുന്നുണ്ട്.
പഞ്ചായത്തിന്റ് മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ എത്തിക്കുന്നതിനും ഹരിത കര്‍മ്മ സേന ഗ്രാമപഞ്ചായത്തുമായി കൈകോര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ശുചിത്വക്യാമ്പ്, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ പഞ്ചായത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ എം.സി.എഫ് സൗകര്യങ്ങള്‍ വിപുലീകരിച്ചുകൊണ്ട് മാതൃക എം.സി.എഫ് ആയി അജാനൂരിന്റെ എം.സി.എഫിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ ഗ്രീന്‍ വേര്‍മ്‌സ് ഇക്കോ സൊല്യൂഷന്‍ എന്ന സ്വകാര്യ സ്ഥാപനമാണ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ