കാസർകോട്: മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ വിപുലമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതു സ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുകയും വൃത്തിയുള്ള സ്ഥലമായി തുടര്‍ന്നും നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. 2024 ജനുവരി 26 ന് മുഴുവന്‍ പ്രദേശവും വൃത്തിയുള്ളതായി പ്രഖ്യാപിക്കാനുതകുന്ന കര്‍മപദ്ധതികള്‍ സംസ്ഥാന തലത്തില്‍ തയ്യാറാക്കി വരുന്നു. എന്‍.എസ്.എസ് ടീമിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ജില്ലയില്‍ നൂറ്റമ്പത് സ്‌നേഹാരാമങ്ങള്‍ നിര്‍മ്മിക്കും. മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പച്ചതുരുത്തുകളോ, പൂന്തോട്ടങ്ങളോ, ഇരിപ്പിടങ്ങളോ ആക്കി മാറ്റുന്നതിനാണ് നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ തയ്യാറെടുക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സ്‌നേഹാരാമം പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും. മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു. സെക്രട്ടറിമാരുടെ യോഗത്തിന് തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ് നേതൃത്വം നല്‍കി. തദ്ദേശ ഭരണ അധ്യക്ഷന്മാര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, ജി.ഇ.ഓ, വി.ഇ.ഒമാരുടെ യോഗം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി രഞ്ജിത്ത് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ