LATEST UPDATES

6/recent/ticker-posts

അച്ചടിയെ പോലും തോൽപ്പിക്കും; ഖുർആന്റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി പത്താം ക്ലാസുകാരി




ഖുർആന്റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി പത്താം ക്ലാസുകാരി. കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ ഹയർസെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ ആയിഷ ഫാദിനാണ് സ്വന്തം കൈയക്ഷരത്തിൽ ഖുര്‍ആൻ മുഴുവനായും ഭംഗിയായി പകർത്തി എഴുതിയത്. പഠനം കഴിഞ്ഞ് ഒഴിവ് സമയങ്ങളിലെഴുതിയാണ് ഇത് പൂർത്തിയാക്കിയത്.

അച്ചടിയെ പോലും തോല്പിക്കുന്ന രീതിയിലുള്ള കയ്യക്ഷരത്തിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്.കാലിഗ്രഫിയിലെ ഇഷ്ടം കണ്ട് കൊറോണക്കാലത്തിന്റെ അവസാനത്തിലാണ് ഖുർആൻ പകർത്തിയെഴുതാമോയെന്ന് ആയിഷ ഫാദിനോട് ഉമ്മ ചോദിച്ചത്. ആദ്യം സാധാരണ എ ഫോർ പേപ്പറിൽ. അക്ഷരങ്ങളുടെ ഭംഗി കണ്ട് പിന്നീട് ഉമ്മ തന്നെ ഗുണമേന്മ കൂടിയ പേപ്പർ വാങ്ങി നൽകുകയായിരുന്നു. ഓരോ വരിയും സമയമെടുത്ത് തെറ്റാതെ എഴുതി. ഒന്നരവർഷം കൊണ്ടാണ് 620 പേജും ആയിഷ ഫാദിൻ പൂർത്തിയാക്കിയത്.

പിതാവ് വിദേശത്ത് നിന്ന് അവധിക്കെത്തിയ എട്ട് മാസം എഴുത്ത് നടന്നില്ല.പിന്നീട് എഴുത്ത് പൂർത്തിയാക്കിയ ശേഷമാണ് സ്കൂളിലെ ടീച്ചർമാരോടടക്കം വിവരം പറഞ്ഞത്. പ്രിന്‍റിംഗ് സംവിധാനങ്ങൾ വന്ന ശേഷം ഖുർആന്‍റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കൽ ഇപ്പോൾ അപൂർവ്വമാണ്. തന്റെ ലക്ഷ്യം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ആയിഷ ഫാദിൻ.

Post a Comment

0 Comments