LATEST UPDATES

6/recent/ticker-posts

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബർ 27 മുതൽ ഡിസംബർ 1 വരെ :കുലകൊത്തൽ ചടങ്ങ് നടന്നു



 കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വർഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേർച്ച കളിയാട്ടത്തോടുകൂടി നവംബർ 27ന് ആരംഭിച്ച് ഡിസംബർ ഒന്നിന് സമാപിക്കും. കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ കുല ലകൊത്തൽ ചടങ്ങ് നടന്നു. കളിയാട്ട ഉത്സവ  ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്കും

 ദേവി ദേവൻമാർക്കുള്ള നിവേദ്യത്തിനും മറ്റുമായാണ് ഈ കുലകൾ ഉപയോഗിക്കുക. കുലകൊത്തൽ ചടങ്ങിന് ക്ഷേത്ര ആചാര സ്ഥാനികർ, ക്ഷേത്രം പ്രസിഡണ്ട് ജനാർദ്ദനൻ കുന്നരുവത്ത്, സെക്രട്ടറി ദിനേശൻ താനത്തിങ്കാൽ, ട്രഷറർ രാജേഷ് മീത്തൽ,  ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരൻ മീത്തൽ, സെക്രട്ടറി രമേശൻ മഡിയൻ, ക്ഷേത്ര ആഘോഷ കമ്മിറ്റി ഭാരവാഹികൾ, മറ്റ് ഭക്തജനങ്ങൾ എന്നിവർ നേതൃത്വം നൽകി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിധിയിലെ ഏഴ് പ്രാദേശിക സമിതികളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നവംബർ 27ന് തിങ്കളാഴ്ച നടക്കും. രാത്രി 7 മണിക്ക് ഉത്സവത്തിന് തുടക്കം കുറച്ചുകൊണ്ട് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരും. തുടർന്ന് പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റവും അരങ്ങിലെത്തും. നവംബർ 28 ചൊവ്വാഴ്ച രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, പൂക്കാവടി,കാവടിയാട്ടം, വാദ്യമേളം, ദേവനൃത്തം, വിവിധ കലാരൂപങ്ങൾ, ദീപാലങ്കാരങ്ങൾ വിളക്ക് നൃത്തം, മറ്റ് നിരവധി ചലന നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരത്തിക്കൊണ്ട് തിരുമുൽകാഴ്ച ഘോഷയാത്ര മഡിയൻ കുന്ന് താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്ന് പുറപ്പെടും. രാത്രി 10 മണിക്ക് പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുൽ ക്കാഴ്ച സ്വീകരിക്കലും 11 മണി മുതൽ വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭഗവതി തെയ്യങ്ങളുടെ കുളിച്ചേറ്റവും നടക്കും. നവംബർ 29ന് ബുധനാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങളും രാത്രി 7:00 മണിക്ക് ക്ഷേത്ര പരിധിയിൽ നിന്നും 2023 വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും കലാകായിക മത്സരങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്കും ക്ഷേത്ര ഭരണസമിതിയുടെ ഉപഹാര വിതരണവും നടക്കും.പത്തുമണിക്ക് ചങ്ങമ്പുഴ കലാകായിക വേദി വാണിയംപാറ അവതരിപ്പിക്കുന്ന 'ഏല്യ' എന്ന നാടകവും തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചേറ്റവും അരങ്ങിലെത്തും. വ്യാഴാഴ്ച രാവിലെ മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാടും രാത്രി 8 മണിക്ക്  പുഷ്പ കൊളവയലിന്റെ പുസ്തക പ്രകാശന ചടങ്ങും തുടർന്ന് കലാസന്ധ്യയും അരങ്ങേറും. രാത്രി 10 മണിക്ക് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും കുളിച്ചേറ്റവും അരങ്ങിൽ എത്തും. സമാപന ദിവസമായ ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി  തെയ്യങ്ങളുടെ പുറപ്പാട് നടക്കും. 12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാടും തുടർന്ന് പടിഞ്ഞാറെ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ പുറപ്പാടും നടക്കും. വൈകുന്നേരം 4 മണിക്ക് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രം നായക്കരവളപ്പ്  മല്ലികാർജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂർത്തി തെയ്യത്തിന്റെ എഴുന്നള്ളത്തും തുടർന്ന് തേങ്ങയേറും നടക്കും. രാത്രി വിഷ്ണു മൂർത്തിയുടെ തിരുമുടി അഴിക്കുന്നതോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കും. കളിയാട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവും നടക്കും.

Post a Comment

0 Comments