സമസ്ത നൂറാം വാർഷിക പ്രഖ്യാപന‌ സമ്മേളന വേദിക്ക് കാൽ നാട്ടി

LATEST UPDATES

6/recent/ticker-posts

സമസ്ത നൂറാം വാർഷിക പ്രഖ്യാപന‌ സമ്മേളന വേദിക്ക് കാൽ നാട്ടി



കാസർകോട് : ഈ മാസം മുപ്പതിന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രധാന വേദിയുടെ നിർമ്മാണം തുടങ്ങി. വേദിയുടെ കാൽനാട്ടൽ കർമ്മം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറു സാദാത്ത്  സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി നിർവഹിച്ചു.

   സമസ്തയുടെ സമുന്നതരായ 40 മുശാവറ അംഗങ്ങൾ അടക്കം 100 വിശിഷ്ടാതിഥികളെ ഉൾക്കൊള്ളുന്ന നിലയിലാണ് പ്രധാന വേദിയുടെ നിർമാണം.  

 വേദിയോട് ചേർന്ന് സംസ്ഥാന സാരഥികളടക്കം  500 പേർക്ക് ഇരിക്കാവുന്ന വി ഐ പി ലോഞ്ചും വിവിധ ആവശ്യങ്ങൾക്കുള്ള വേദികളും സജ്ജമാക്കും. പതിനായിരം പ്രതിനിധികൾക്ക് ഇരിപ്പിട സൗകര്യമൊരുക്കുന്നതോടൊപ്പം അരലക്ഷം ബഹുജനങ്ങൾക്ക്   സമ്മേളന പരിപാടികൾ  ഇരുന്ന് കേൾക്കുന്നതിനുള്ള സൗകര്യങ്ങളും നഗരിയിൽ സജ്ജമാക്കും.

 രജിസ്ട്രേഷൻ- അന്വേഷണ കൗണ്ടർ, ബുക്ക് ഫെയർ, മെഡിക്കൽ, ട്രാഫിക് തുടങ്ങിവക്കും  വിവിധ പ്രദർശനങ്ങൾക്കും നഗരിയിൽ സൗകര്യമുണ്ടാകും.

എട്ടേക്ക‍ർ വിസ്തൃതിയിലാണ് ചട്ടഞ്ചാലിൽ മാലിക് ദീനാർ നഗരി ഒരുങ്ങുന്നത്.  മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെ പഴയ കെട്ടിടത്തിന്റെ  ചാരുതയിലുള്ള പ്രധാന കവാടവും മറ്റു കവാടങ്ങളും  നഗരിക്ക് പ്രൗഡിയൊരുക്കും.

 ഈ മാസം 29ന് തളങ്കരയിൽ നിന്നും സമസ്തയുടെ പതാക വഹിച്ചുകൊണ്ടുള്ള ഫ്ലാഗ് മാർച്ച് നഗരിയിൽ  പ്രവേശിക്കുന്നതോടെ പ്രഖ്യാപന സമ്മേളനത്തിന് കൊടി ഉയരും. ശനിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി 10 വരെയാണ് പ്രഖ്യാപന മഹാസമ്മേളനം നടക്കുന്നത്. ചട്ടഞ്ചാലിലും പരിസരങ്ങളിലും അതി വിപുലമായ സൗകര്യങ്ങളാണ് സമ്മേളന വിജയത്തിന് ഒരുങ്ങുന്നത്.

കാൽനാട്ടൽ ചടങ്ങിൽ സ്വാഗത സംഘം വർക്കിങ് സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി ബായാർ സിദ്ദീഖ് സഖാഫി,  ബശീർ പുളിക്കൂർ, സോൺ പ്രസിഡന്റ് ഹസൈനാർ സഖാഫി കുണിയ, ലൈറ്റ് ആന്റ് സൗണ്ട് ചെയർമാൻ സയ്യിദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, ഗ്രൗണ്ട് ചുമതലയുള്ള  സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഇല്യാസ് ബേവിഞ്ച, ബാലൻ ഖാദർ ഹാജി, അഹ്മദ് ഹാജി ബെണ്ടിച്ചാൽ,  റഹീം മദീന,  , പ്രദാശിക സംഘാടക സമിതി ചെയർമാൻ  മൊയ്തു പനേര, കൺവീനർ സിദ്ദീഖ് സഖാഫി തൈര, ശാഫി കണ്ണമ്പള്ളി, ഹുസൈൻ ജെർമൻ, സി എ എ ചേരൂർ,  ഖാലിദ് പുത്തരിയടുക്കം, സലാം ബന്താട്തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments