കാസർകോട്: ശനിയാഴ്ച മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികാഘോഷ പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് ഇന്ന് വെള്ളിയാഴ്ച നഗരിയിൽ പതാക ഉയരും. സമസ്ത പതാകക്ക് 60 ആണ്ട് തികയുന്ന ദിവസമാണ് നൂറാം വാർഷികത്തിന് തുടക്കമിട്ട് പതാക ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
1963 ഡിസംബർ 29 ന് കാസർകോട് തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അംഗീകരിക്കുന്നത്.
നഗരിയിൽ ഉയർത്താനായി വരക്കൽ, പാങ്ങിൽ, വാളക്കുളം, താജുൽ ഉലമ തുടങ്ങിയ മുൻകാല സാരഥികളുടെ മസാറുകളിലൂടെ കൊണ്ട് വന്ന സമസ്ത പതാക ഇന്ന് ഉച്ചക്ക് 2.30ന് മാലിക് ദീനാർ മഖാം സിയാറത്തിനു ശേഷം ഫ്ളാഗ് മാർച്ച് നടത്തി സഅദിയ്യയിൽ നൂറുൽ ഉലമ സവിധത്തിലെത്തിക്കും.
സമസ്തയുടെ ഒരു നൂറാണ്ടിന്റെ പ്രതീകമായി 100 വീതം പണ്ഡിതരും ഉമറാക്കളും വിദ്യാർത്ഥികളും മാർച്ചിൽ അണി നിരക്കും. വൈകിട്ട് നാലിന് സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനത്തിന് തുടക്കം കുറിച്ച് മാലിക് ദീനാർ നഗരിയിൽ പതാക ഉയരും. തുടർന്ന് സാംസ്കാരിക സമ്മേളനം കർണാടക സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. എഎസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ എം പി , എം എൽ എ മാർ പങ്കെടുക്കും.
സമ്മേളന മുന്നോടിയായി വ്യാഴാഴ്ച എട്ടിക്കുളം മഖാമിൽ നിന്നാരംഭിച്ച പതാക ജാഥയും ഉള്ളാൾ ദർഗയിൽ നിന്ന് തുടങ്ങിയ കൊടിമര ജാഥകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം നഗരിയിൽ സമാപിച്ചു.
എട്ടിക്കുളം മഖാമിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫിക്ക് പതാക ഏൽപിച്ചു. സമസ്ത മുശാവറ മെമ്പർമാരായ മൊയ്തീൻ കുട്ടി ബാഖവി പൊന്മള, അലവി സഖാഫി കൊളത്തൂർ, അബ്ദുൽ റഹ്മാൻ ബാഖവി പരിയാരം, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ, ബി എസ് അബുല്ല കുഞ്ഞി ഫൈസി, പനാമ മുസ്‌തഫ ഹാജി, യു സി അബ്ദുൽ മജീദ്, സയ്യിദ് ഷാഫി ബാഅലവി തങ്ങൾ, സയ്യിദ് കെ പി എസ് തങ്ങൾ ബേക്കൽ, സുലൈമാൻ കരിവെള്ളൂർ, ഫിർദൗസ് സഖാഫി, അബ്ദുല്ല കുട്ടി ബാഖവി,കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അലി മൊഗ്രാൽ, അബ്ദുൽ ഹകീം സഅദി,അബ്ദുൽ കരീം ദർബാർ കട്ട സംബന്ധിച്ചു. പതാക ജാഥ സഅദിയ്യയിൽ നൂറുൽ ഉലമ മഖാമിൽ സമാച്ചു.
കൊടിമരം ഉള്ളാളത്ത് സയ്യിദ് അതാവുള്ള തങ്ങൾ ജാഥാനായകൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് കൈമാറി. ഉള്ളാൾ ദർഗ പ്രസിഡന്റ് ഹനീഫ് ഹാജിയുടെ അധ്യക്ഷതയിൽ കേരളമുസ്ലിം ജമാത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട് ഉത്ഘാടനം ചെയ്തു. അബ്ദുൽ റഷീദ് സൈനി കക്കിഞ്ച ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം തുടങ്ങിയവർ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ സമസ്തയുടെ സമുന്നതരായ നാൽപ്ത് പണ്ഡിതർ സംബന്ധിക്കും. പതിനായിരം പ്രതിനിധികളടക്കം അര ലക്ഷം പേരാണ് സമ്മേളനത്തിൽ എത്തുന്നത്.
0 Comments