ബോംബെയിൽ നിന്ന് ആറ് ദിവസത്തെ കപ്പൽ യാത്ര; പ്രവാസജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കി യൂസഫലി

ബോംബെയിൽ നിന്ന് ആറ് ദിവസത്തെ കപ്പൽ യാത്ര; പ്രവാസജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കി യൂസഫലി



അബുദാബി: പ്രവാസജീവിതത്തിന്‍റെ 50 വർഷം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ലോകോത്തര വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ  പ്രവാസ ജീവിതത്തിന്‍റെ ആ  വലിയ യാത്രയ്ക്ക്  ഇന്നേക്ക് 50 വർഷം തികയുകയാണ്. 

സന്തോഷം പങ്ക് വെച്ച് കഴിഞ ദിവസം തന്നെ ലോകത്തോളം ഉയർത്തിയ ആ മഹാ രാജ്യത്തിന്റെ പ്രസിഡന്റിനെ നേരിട്ട് കണ്ട് സന്തോഷം പങ്ക് വെക്കുകയും ചെയ്തു യൂസുഫലി. ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട്  ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ സ്റ്റാംപ് പതിപ്പിച്ച തന്‍റെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ  ചെന്ന് യൂസഫലി  കാണിച്ചു കൊടുത്തത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന   പഴയ പാസ്പോർട്ട്  ഏറെ കൗതുകത്തോടെയാണ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്. 



പ്രവാസത്തിന്‍റെ ഗോൾഡൻ ജൂബിലി  എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. അന്ന് ബോംബെയിൽ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ്  1973 ഡിസംബർ 31ന്  വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എം.എ. യൂസഫലി  ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി  യു.എ.ഇ. പ്രസിഡന്‍റിന്  വിശദീകരിച്ചു കൊടുത്തു. 


വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും  നൽകിയ സേവനങ്ങളെ മാനിച്ച്  നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്.  രാജ്യം നൽകിയ  പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടിഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും.  അബുദാബി ചേംബറിന്‍റെ വൈസ് ചെയർമാനായി   യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.

തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും  ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ  ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ  35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന  ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിന്‍റെ മേധാവിയായി യൂസഫലി മാറിയതിന്‍റെ  ചരിത്രം കുറിച്ചത്.  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ  എന്നിവരും സംബന്ധിച്ചു.


വാർത്താ കടപ്പാട്: മനോരമ ഓൺലൈൻ

Post a Comment

0 Comments