മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണ് ശിവശങ്കറിനെ ബാധിച്ചിരിക്കുന്നതെന്നാണ് പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയാറാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്നും കഴുത്തും നടുവും രോഗ ബാധിതമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി.
മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ലൈഫ് മിഷൻ കേസിൽ സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയും കോടതി അടുത്ത ആഴ്ച പരിഗണിക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചിലെ (ജിപ്മെര്‍) വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നിൽക്കാനോ പാടില്ലെന്നും റിപ്പോര്‍ട്ടിൽ ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുണ്ട്.
0 Comments