കാസർകോട്: ബങ്കര മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കൊപ്പള പുഴയിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെതെന്ന് കരുതുന്ന മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരുടെ വിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കർണാടക പുത്തൂരിൽ നിന്ന് വാമഞ്ചൂർ വഴി ഹോസ ബൊട്ടു കടലിലേക്ക് ഒഴുകുന്ന പുഴയാണിത്. നല്ല ഒഴുക്കില്ലാത്ത പുഴയിൽ മൃതദേഹം എങ്ങനെ എത്തിഎന്നത് വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ കാണാതായ ആളുകളുടെ വിവരം പൊലീസ് ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ ആരെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിലെ 8113800968, 9497980926 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
0 Comments