കാസര്‍കോട്: വിവാഹശേഷം വരനെ ആഭാസകരമായി വാഹനങ്ങളിലും മറ്റും ആനയിച്ച് റോഡിലിറക്കി ഗതാഗതസ്തംഭനമുണ്ടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കാസര്‍കോട് പൊലീസ്. ഇത്തരം പ്രവണതകള്‍ കാസര്‍കോട്ട് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിക്കൊരുങ്ങുന്നത്. ഒരു കാലത്ത് വിവാഹശേഷം വരനെ വധുവിന്റെ വീട്ടിലേക്ക് ആഭാസകരമായി ആനയിക്കുന്നത് മൂലമുള്ള പരാതികള്‍ വര്‍ധിച്ചിരുന്നുവെങ്കിലും കര്‍ശന നടപടി സ്വീകരിച്ചതോടെ ഇതിന് നിയന്ത്രണം വന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള പേക്കൂത്തുകള്‍ വിവാഹചടങ്ങുകളുടെ പേരില്‍ നടക്കുന്നുവെന്ന പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ വധുവിന്റെ വീട്ടില്‍ കൊണ്ടുപോയ ശേഷം വരനെ പുലരുവോളം വട്ടംകറക്കുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍ ചക്കരക്കല്ലില്‍ വരനെ ഒട്ടകപ്പുറത്തിരുത്തി റോഡിലൂടെ ആനയിച്ചതുകാരണം മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. ഇങ്ങനെയുള്ള ആഭാസങ്ങള്‍ തലപൊക്കാന്‍ ഈ സംഭവം കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജമാഅത്ത് കമ്മിറ്റികള്‍ ആഭാസപേക്കൂത്തുകള്‍ക്കെതിരെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ല. വരനെ കോമാളി വേഷം കെട്ടിച്ച് കുതിരപ്പുറത്തും വാഹനങ്ങളിലും കയറ്റി ആനയിക്കുന്നത് തുടരുകയാണ്. മുമ്പ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുത്തതോടെ ഇടക്കാലത്ത് ആഭാസങ്ങള്‍ അരങ്ങേറിയിരുന്നില്ല. ഇനി തുടര്‍ന്നാല്‍ വരനും സുഹൃത്തുക്കളുമടക്കം ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍ പറഞ്ഞു.
0 Comments