പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം; കർമ സമിതിയുടെ നേതൃത്വത്തിൽ ബേക്കൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ ജനുവരി 23ന്

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം; കർമ സമിതിയുടെ നേതൃത്വത്തിൽ ബേക്കൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ ജനുവരി 23ന്



പള്ളിക്കര : ഏപ്രിൽ 14 ന് പുലർച്ചെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കർമ്മസമിതി പോലീസിന്റെ അന്വേഷണ വീഴ്ചയിൽ പ്രതിഷേധിച്ച് ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ജനുവരി 23 ന് ചൊവ്വാഴ്ച്ച പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു. 


     മരണപ്പെട്ട് 9 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നൽകിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമ്മസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 


     സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗഫൂർ ഹാജിയുടെ ഉമ്മ കുൽസു  അഡ്വ.ആസഫലിയുടെ നിർദ്ദേശപ്രകാരം അഡ്വ.കെ.പത്മനാഭൻ മുഖാന്തിരം ഹൈക്കോടതിയിൽ ഫയൽ ചെയ്യാൻ വക്കാലത്ത് ഒപ്പിട്ട് നൽകിയിരിക്കുകയാണ്.


     ഏപ്രിൽ 14 ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉദുമ കളനാട്ടെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മൃതദേഹം ഏപ്രിൽ 28 ന് ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതെല്ലാതെ വിശദ വിവരം നൽകാത്ത് ദുരൂഹത വർദ്ധിക്കുകയാണ്.


    അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.


    ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. ഇപ്പോൾ യുവതിയുടെ ഭർത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. മജിസ്ട്രേറ്റ് അവധിയായതിനാൽ അതിന്റെ നടപടി ക്രമങ്ങൾ വൈകുകയാണ്.


     പത്രസമ്മേളനത്തിൽ കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട് കാര്യങ്ങൾ വിശദീകരിച്ചു.  കർമസമിതി ഭാരവാഹികളായ ബി.കെ.ബഷീർ, ബി.എം. മൂസ, കപ്പണ അബൂബക്കർ, കുഞ്ഞാമത് പൂച്ചക്കാട്എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments