കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മൽസരിച്ചേക്കും

LATEST UPDATES

6/recent/ticker-posts

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മൽസരിച്ചേക്കുംആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മൽസരിക്കുമെന്ന് സൂചന. യു.ഡി.എഫിന്റെ  സീറ്റായിരുന്ന ആലപ്പുഴ തിരിച്ചുപിടിക്കാൻ കെ.സി വേണുഗോപാലിനെ മൽസരിപ്പിക്കണമെന്ന ആവശ്യം പാർട്ടി ജില്ലാ ഘടകത്തിൽ നിന്നുയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം ദൽഹിയിൽ നടന്ന ജില്ലാ മെന്റർമാരുടെ യോഗത്തിൽ ജില്ലയുടെ ആവശ്യം ഉയർത്തിയെങ്കിലും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി വേണുഗോപാലിന് ഉത്തരവാദിത്തങ്ങൾ ഏറെയാണെന്നും ഇത്തവണ മൽസരരംഗത്ത് ഇറങ്ങുന്നത് ഉചിതമല്ലെന്നും അഭിപ്രായമുണ്ടായി. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മൽസരരംഗത്തുണ്ടെങ്കിൽ കെ.സി വേണുഗോപാൽ മൽസരിക്കാൻ സാധ്യത തീരെ കുറവാണെന്നും പറയപ്പെടുന്നു. അതേസമയം, വേണുഗോപാൽ മൽസരിക്കുന്നില്ലെങ്കിൽ സീറ്റ് മോഹിച്ച് നിരവധിപേർ രംഗത്തുണ്ട്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. എം. ലിജുവാണ് ഇതിൽ പ്രമുഖൻ. കായംകുളത്തും അമ്പലപ്പുഴയിലും നിയമസഭയിലേക്ക് മൽസരിച്ച് പരാജയപ്പെട്ടതാണ് ലിജു. മുൻ എം.എൽ.എമാരായ എ.എ ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവരും ആലപ്പുഴ സീറ്റ് വേണമെന്ന ആഗ്രഹം നേതൃത്വത്തെ അറിയിച്ചവരാണ്. ഇവരെല്ലാം തന്നെ കെ.സിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നവരുമാണ്. കെ.സി വേണുഗോപാൽ മൽസരരംഗത്തുണ്ടെങ്കിൽ മറ്റാരും സീറ്റിനായി നിലകൊള്ളാൻ സാധ്യത തീരെയില്ല. മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എയുമായ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ അഭിപ്രായം കണക്കിലെടുത്താകും ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ നിശ്ചയിക്കുക. വേണുഗോപാൽ ഉൾപ്പെടെ സ്ഥാനാർഥി പട്ടികയിലുള്ളവരെല്ലാം തന്നെ ആലപ്പുഴയിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുവരുന്നവരാണ്. പാർലമെന്ററി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരാണേറെയും. കെ.സി വേണുഗോപാൽ മൂന്നുതവണ ആലപ്പുഴയിൽ നിന്ന് നിയമസഭയിലേക്കും രണ്ടുതവണ പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എ.എ ഷുക്കൂറും ഷാനിമോൾ ഉസ്മാനും നിയമസഭയിലേക്ക് മൽസരിച്ച് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരിഫിനെ നേരിട്ടതും ഷാനിമോൾ ഉസ്മാനാണ്.

Post a Comment

0 Comments