കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കോടതി നരഹത്യയ്ക്ക് കേസെടുത്തു. കുമ്പള മുന്‍ എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് മുന്‍സീഫ് കോടതി കേസെടുത്തത്. ഇവര്‍ക്ക് ഫെബ്രുവരി 19 ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. ഐപിസി 304 പ്രകാരമാണ് കോടതി കേസെടുത്തിട്ടുള്ളത്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് സഫിയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മാതാവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെ അപകടമുണ്ടായത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫര്‍ഹാസ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍ ഫര്‍ഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ആഗസ്ത് 30 നാണ് ഫര്‍ഹാസ് മരിച്ചത്.
0 Comments