വിട പറഞ്ഞ ഉപ്പ ഉപയോഗിച്ചിരുന്ന സിം സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ നിയമത്തിന്റെ നൂലാമാലകൾ; ഒടുവിൽ എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു

LATEST UPDATES

6/recent/ticker-posts

വിട പറഞ്ഞ ഉപ്പ ഉപയോഗിച്ചിരുന്ന സിം സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ നിയമത്തിന്റെ നൂലാമാലകൾ; ഒടുവിൽ എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചുവിട പറഞ്ഞ  ഉപ്പ ഉപയോഗിച്ചിരുന്ന സിം സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ നിയമത്തിന്റെ നൂലാമാലകൾ കാരണം കാത്തിരിക്കേണ്ടി വന്ന കഥ പറയുകയാണ് എഴുത്തുകാരി സബീന എം സാലി. നമ്മുടെ നാട്ടിൽ ഇപ്പോഴും ചില നിയമങ്ങൾക്ക് കാത്തിനനുസരിച്ചുള്ള മാറ്റം സംഭവിച്ചിട്ടില്ലെന്നും അവർ പറയുന്നു.


നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി നഷ്ടപ്പെട്ടുവെന്നു കരുതിയ ഉപ്പയുടെ ആ സിം നീണ്ട ഇടവേളയ്ക്ക് ശേഷം റി ചാര്‍ജ് ചെയ്തതേ ആദ്യ കോള്‍ വന്നു.  അനിയത്തിയുടേത്.  

ഞാനപ്പോള്‍ എയര്‍ടെല്ലിന്റെ ഓഫീസില്‍. എന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കൊരു ഞെട്ടല്‍. ഒടുവില്‍ ശരിയായല്ലോ എന്നൊരു സന്തോഷ പ്രകടനം.


മുന്‍പൊക്കെ ഞങ്ങള്‍ നാലുപേരും മനസ്സ് നോവുന്ന  നേരത്തൊക്കെ ഉപ്പാടെ നമ്പറിലേക്ക് വിളിക്കും. അവിടുന്ന് കിട്ടുന്ന ആശ്വാസം മനസ്സ് തണുപ്പിക്കും. ഉപ്പ പോയ ശേഷം സിം പ്രവര്‍ത്തനം നിലച്ചിട്ടും ആ നമ്പറിലേക്ക് ഞങ്ങള്‍ ചുമ്മാ വിളിക്കും. അതൊരു ശീലമായിപ്പോയി. ആ നമ്പര്‍ ജീവിതത്തിന്റെ ഭാഗവും.


അങ്ങനെ നീണ്ട ഏഴു മാസക്കാലത്തെ ശ്രമഫലമായി എയര്‍ടെല്ലിന്റെ കടുംപിടുത്തങ്ങള്‍ക്ക് വഴങ്ങി ഇന്ന് ഉപ്പാടെ 999***3001 എന്ന സിം എന്റെ പേരിലേക്ക് മാറ്റിക്കിട്ടി. ഇനി എന്റെ മരണം വരെ അത് എനിക്ക് മാത്രം സ്വന്തം.


ഒരു സിം അല്ലെ അത് പോട്ടെന്നുവെക്കണം. വേറെ പുതിയ നമ്പര്‍ എടുത്തുകൂടെ എന്ന് എല്ലാവരും നിരുത്സാഹപ്പെടുത്തിയിട്ടും അത് എനിക്ക് കിട്ടണം എന്ന എന്റെ അതിയായ ആഗ്രഹമാണ് ഇന്ന് സഫലമായത്.


നിയമപരമായ എല്ലാ രേഖകളുമായി ചെന്നിട്ടും ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്  തന്നെ വേണമെന്ന് ഓരോ തവണയും കടുംപിടുത്തം പിടിച്ച എയര്‍ടെല്‍ ജീവനക്കാര്‍, അത് കിട്ടാനായി വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ മുസ്ലിം ശരീഅത്ത് നിയമം പറഞ്ഞു പേടിപ്പിച്ച വില്ലേജ് ഓഫീസര്‍, ഒക്കെയും ഈ സന്തോഷം കാണണം. നിങ്ങള്‍ക്ക് അതൊരു വെറും സിം ആയിരിക്കും. പക്ഷെ എനിക്ക് എന്റെ ഉപ്പാടെ ഹൃദയമിടിപ്പ് തിരിച്ചുകിട്ടിയെ പ്രതീതിയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി സകല സുഖദുഃഖങ്ങളും ഞങ്ങള്‍ പരസ്പരം പങ്കുവച്ചിരുന്ന നമ്പര്‍.


മെയ് ആറി നായിരുന്നു സിം പ്രവര്‍ത്തനരഹിതമായത്. നാലുമക്കളെയും കെട്ടിച്ചയച്ച ഇടങ്ങളിലെ വില്ലെജുകളിലെയും ഉപ്പ ജനിച്ചു വളര്‍ന്ന കൊല്ലം ജില്ലയിലെ വില്ലേജിലെയും ഉപ്പാടെ സഹോദരന്‍ ഇപ്പോള്‍ താമസിക്കുന്ന വില്ലേജിലെയുമൊക്കെ മൊഴി രേഖപ്പെടുത്തി അവകാശ സര്‍ട്ടിഫിക്കററിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും നാല് മാസം കഴിഞ്ഞാണ് അത്  കയ്യിലെത്തിയത്.  


പിന്നെ അതോടൊപ്പം അവകാശികളെല്ലാം ഒപ്പ് വച്ച് നോട്ടറി സാക്ഷ്യപ്പെടുത്തിയ നോ ഒബ്‌ജെക്് ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടെ വേണമെന്നായി. അതിനായി വീണ്ടും കൊല്ലത്ത് പോയി കൊച്ചപ്പാടെ ഒപ്പ് വാങ്ങേണ്ടി വന്നു. ആടിന് പ്ലാവില കാട്ടി കൊതിപ്പിക്കുമ്പോല്‍ ഇപ്പോ ശരിയാവും പിന്നെ ശരിയാവും  എന്ന മട്ടില്‍ പലപ്പോഴായി പല തവണ എയര്‍ടെല്‍ ഓഫീസ് കയറിയിറങ്ങി. ഉപ്പാടെ ആധാറില്‍ നിന്ന് നമ്പര്‍ ഡിലീങ്ക് ചെയ്യലായിരുന്നു ഒടുവിലെ നടപടി.  


ഒടുവില്‍ ഇന്ന് എയര്‍ടെല്‍ ഓഫീസില്‍ , ഈ വിഷയത്തില്‍ ഞാനുമായി ഇടപെട്ട ലിമ എന്ന സ്റ്റാഫില്‍ നിന്ന് നമ്പര്‍ ഏറ്റു വാങ്ങുമ്പോള്‍ കണ്ണ് നിറഞിരുന്നു. അറിയാതെയാണെങ്കിലും ആ നിമിഷം തന്നെ ആ നമ്പറിലേക്ക് അനിയത്തിയുടെ കോള്‍ വന്നപ്പോള്‍ അതിവൈകാരികതയില്‍ തൊണ്ടയിടറൂകയും  ചെയ്തു.


ഈ സിം വിഷയം ഇവിടെ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാടുപേര്‍ മെസേജ് അയച്ചിരുന്നു.  ഈ വിഷയം  പ്രമേയമാക്കി കഥയെഴുതിക്കോട്ടെ,  ഷോര്‍ട്ട് ഫിലിം ചെയ്‌തോട്ടെ എന്നൊക്കെ പലരും ചോദിച്ചിരുന്നു.സഹായഹസ്തവുമായി ചിലര്‍  സമീപിച്ചെങ്കിലും അവരുടെ ശ്രമങ്ങളും വിജയിച്ചില്ല.  അവരോടൊക്കെ നന്ദി അറിയിക്കുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പോസ്റ്റ് ഷെയര്‍ ചെയ്ത് റീച്ച് കൂട്ടിയ ഷുക്കൂര്‍ വക്കീലിനും,  പിന്നെ ലത്തീഫ്ക്ക, സക്കീര്‍ക്ക, സലിം കുണ്ട്രയ്യത്ത് എന്നിവര്‍ക്കും നന്ദി .

സുഹൃത്തുക്കളെ നമ്മുടെ നാട്ടില്‍ ഇപ്പോഴും ചില നിയമങ്ങള്‍ക്ക് കാലക്രമത്തിനനുസരിച്ചുള്ള മാറ്റം സംഭവിച്ചിട്ടില്ല.  ഇനിയും ഹൈടെക് ആവാനുണ്ട് നമ്മള്‍.

Post a Comment

0 Comments