കൃഷി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

LATEST UPDATES

6/recent/ticker-posts

കൃഷി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്



 കാഞ്ഞങ്ങാട്: മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 74,63,14,641 രൂപ വരവും 63,53,82,049 രൂപ ചിലവും 11,09,32,592 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക കര്‍മ്മ സേന വിപുലീകരിച്ച് നഗരസഭയെ സമ്പൂര്‍ണ്ണ തരിശു രഹിത നഗരസഭയാക്കി മാറ്റും. തെങ്ങ് കൃഷിയുടെ അഭിവൃദ്ധിക്കായി കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. നെല്‍കൃഷി കാര്യക്ഷമമാക്കാന്‍ കര്‍ഷകര്‍ക്ക് കൂലി ലഭ്യമാക്കാനും തുക വകയിരുത്തും. യുവതികളെ കൃഷിയില്‍ ആകര്‍ഷിക്കുന്നതിന് ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കും. മികച്ച ജൈവവളം, രാസവളങ്ങള്‍ എന്നിവ നല്‍കും. ടൂറിസം മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. നഗരത്തില്‍ പാര്‍ക്കിംഗ് പ്ലാസ സ്ഥാപിക്കണമെന്ന ആശയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

കോട്ടച്ചേരിയിലും ആലാമിപള്ളിയിലും ഫ്ൈള ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. ആലാമിപ്പള്ളി ബസ്റ്റാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്. ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കടമുറികള്‍, ഓഫീസ് മുറികള്‍ എന്നിവയുടെ ലേലവും ടെണ്ടറും ഉടന്‍ നടക്കും. ദാരിദ്യം പൂര്‍ണമായും തുടച്ച് നീക്കാനും നഗരസഭ ലക്ഷ്യം വെക്കുന്നു. ഇതിനായി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കും. വയോജന സൗഹൃദ നഗരസഭയെന്ന ലക്ഷ്യവും നഗരസഭ മുന്നോട്ട് വെക്കുന്നു. ഇതിനായി എല്ലാ വാര്‍ഡുകളിലും വയോജന ക്ലബ്ബുകള്‍ നിര്‍മ്മിക്കും. ബഡ്‌സ് സ്‌കൂളുകളുടെ സ്ഥാപനവും പരിപാലനവും പ്രധാന ലക്ഷ്യമായി കാണക്കാക്കും. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യും. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ടുള്ള തൊഴില്‍ സംരംഭങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം എന്നിവ യാഥാര്‍ത്ഥ്യമാക്കും.


നഗരസഭാ പരിധിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്രൈം മാപ്പിംഗ് നടപ്പാക്കും. ജൈവ വൈവിധ്യ രജിസ്റ്റര്‍ കാലികമായി പരിഷ്‌ക്കരിക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനും മുന്തിയ പരിഗണന നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് സമഗ്ര കന്നുകാലി ഇന്‍ഷൂറന്‍സ്, സൗജന്യമായി കൂടുതല്‍ മരുന്നുകള്‍, ധാതുലവണ മിശ്രിതങ്ങള്‍ മൃഗാശുപത്രി വഴി നല്‍കാന്‍ പദ്ധതിയുണ്ട്. കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രി കെട്ടിടം സര്‍ക്കാര്‍ സഹായത്തോടെ വിപുലീകരിക്കും. പോത്ത് കുട്ടി വളര്‍ത്തല്‍ പദ്ധതി, ആട് വളര്‍ത്തല്‍ പദ്ധതി, താറാവ് വളര്‍ത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പദ്ധതി രൂപീകരിക്കാനും മൃഗ സംരക്ഷണ മേഖലയെ കൂടുതല്‍ പുഷ്ടിപ്പെടുത്താനും ഈ ബജറ്റ് വര്‍ഷം നഗരസഭ പദ്ധതി ഒരുക്കുന്നു. പ്ലസ്ടു കഴിഞ്ഞ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് സ്‌കില്‍ ട്രെയിനിംഗ് നല്‍കി ജോലി കണ്ടെത്താന്‍ എളുപ്പമാക്കും സാമൂഹ്യ ക്ഷേമ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കും. പ്രായമായവരെ സംരക്ഷിക്കാന്‍ കെയര്‍ സെന്ററുകള്‍ക്ക് തുടക്കം കുറിക്കും. അങ്കണ്‍വാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. നഗരസഭയിലെ എല്ലാ കളിസ്ഥലങ്ങളും സ്റ്റേഡിയം നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇന്‍ഡോര്‍ സ്റ്റേഡിയം നടത്തിപ്പ് ഏറ്റെടുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ സമഗ്ര ടൂറിസം പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കും. ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്തും. 25 ഹരിത കര്‍മ്മ സേന അംഗങ്ങളെ കൂടി നഗരസഭയുടെ ഹരിത സേനയില്‍ ഉള്‍പ്പെടുത്തും. നഗരസഭാ സെക്രട്ടറി എന്‍.മനോജ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments