ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. നാളെ 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് പുറമെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും തീയതികള്‍ നാളെ പ്രഖ്യാപിക്കും.
ആന്ധ്ര പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്റെ ആലോചനയിലുണ്ട്.
ഏഴോ എട്ടോ ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. കമ്മീഷന്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബി ജെ പി 267 മണ്ഡലങ്ങളിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഓഫീസിലെത്തിയാണ് ഗ്യാനേഷ് കുമാറും സുഖ്ബീര്‍ കുമാര്‍ സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റത്. ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം നടന്നിരുന്നു. പിന്നാലെയാണ് നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താനുള്ള ധാരണയിലെത്തിയത്.
0 Comments