ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചു

LATEST UPDATES

6/recent/ticker-posts

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചുകാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിയുടെ താടിയെല്ല് സഹപാഠികള്‍ അടിച്ചുപൊട്ടിച്ചതായി പരാതി. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി കെ.പി.നിവേദ് ബാബു (17)വിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നിവേദിനെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് മര്‍ദ്ദിച്ചത്. മാര്‍ച്ച് 23 നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ നാലു വിദ്യാര്‍ഥികളെത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനായി നിവേദിനെ നിര്‍ബന്ധിച്ചത്. നിവേദ് താല്‍പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികള്‍ തോളില്‍ കൈയിട്ട് പിടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തതോടെയാണ് തന്നെ ആക്രമിച്ചതെന്ന് നിവേദ് പറഞ്ഞു. ഈ വിദ്യാര്‍ഥികളെ കണ്ടിട്ടുണ്ട് എന്നതല്ലാതെ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ലെന്ന് നിവേദ് പറഞ്ഞു.

സംഘത്തിലെ ഒരു വിദ്യാര്‍ഥി തുടര്‍ച്ചയായി മുഖത്തിനിട്ട് ഇടിച്ചതിനെ തുടര്‍ന്നാണ് താടിയെല്ല് തകര്‍ന്നത്. ഈ വിദ്യാര്‍ഥി പലതവണ അധ്യാപകരോട് മോശമായി പെരുമാറുകയും സഹപാഠികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും രണ്ടുതവണ സ്‌കൂളില്‍ നിന്നും അച്ചടക്കനടപടി നേരിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ എ.കെ.വിനോദ് കുമാര്‍ പറഞ്ഞു. പിടിഎ നിര്‍ദേശപ്രകാരം ഒരാഴ്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും ഒരു കുട്ടിയെ ആക്രമിച്ചപ്പോള്‍ പിടിഎ നടപടിക്ക് ശുപാര്‍ശ ചെയ്തു. കുട്ടിയെ ക്ലാസില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ അന്നു പൊലീസ് സ്റ്റേഷനില്‍ പോവുകയാണ് ചെയ്തതെന്നും കുട്ടിയെ തിരുത്താനുള്ള യാതൊരു ശ്രമവും അവര്‍ നടത്താത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിവേദിന്റെ അച്ഛന്‍ ബാബു ഡ്രൈവറാണ്. രണ്ടുവര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇദ്ദേഹം അടുത്തിടെ അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. അമ്മ ലേഖ കാഞ്ഞങ്ങാട്ടെ ഒരു ഡാന്‍സ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.

Post a Comment

0 Comments