റിയാദ്: ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു.
കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കോടതിയിൽ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭസൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.
ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ റിയാദിൽ സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. കേസിന്റെ പുരോഗതിയും നാട്ടിൽ സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാൻ യോഗം തീരുമാനിച്ചു.
0 Comments