മൊബൈല്‍ ഗെയിമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാൽ മൊബൈൽ ഗെയിമിനോടുള്ള ആസക്തി കാരണം ഇവിടെ പണി കിട്ടിയിരിക്കുന്നത് ഒരു കത്തോലിക്കാ പുരോഹിതനാണ്. ഗെയിം കളിക്കുന്നതിനായി പള്ളി ഫണ്ടിൽ പണം തട്ടിയതിനെ തുടർന്ന് പുരോഹിതൻ അടുത്തിടെ അറസ്റ്റിലാവുകയായിരുന്നു. റവ. ലോറൻസ് കൊസാക്ക് എന്ന കത്തോലിക്കാ പുരോഹിതനാണ് അറസ്റ്റിലായത്. കാൻഡി ക്രഷ്, മാരിയോ കാർട്ട് തുടങ്ങിയ ഗെയിമുകൾ കളിക്കുന്നതിനായി 40,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) പള്ളി ഫണ്ടില്‍ നിന്നും ഇയാൾ മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
കൂടാതെ പള്ളിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് കൊസാക്ക് ഗെയിമിനുള്ള ബില്ലുകള്‍ അടച്ചത്. പള്ളിയുടെ ഫണ്ടിൽനിന്ന് വൈദികൻ പണം തട്ടിയ കാര്യം 2022ൽ ആണ് പുറത്തറിയുന്നത്. തുടർന്ന് സെൻ്റ് തോമസ് മോർ ചർച്ചിലെ ചുമതലകളിൽ നിന്ന് ഇദ്ദേഹത്തെ മാറ്റുകയും ചെയ്തിതിരുന്നു. എന്നാൽ 2024 ഏപ്രില്‍ 25നാണ് പുരോഹിതൻ പള്ളിയുടെ ഫണ്ടില്‍ നിന്നും പണം തട്ടിച്ചതായി സ്ഥിരീകരിച്ച് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ മൊബൈൽ ഗെയിമുകളോട് ആസക്തിയുള്ള വ്യക്തിയാണെന്നും ഇതിനായി വൈദ്യസഹായം തേടുകയാണെന്നും പുരോഹിതൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടാതെ പള്ളിയുടെ ക്രെഡിറ്റ് കാർഡ് മനപ്പൂർവ്വം ഉപയോഗിച്ചിട്ടില്ലെന്നും പള്ളിയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി അവരുടെ അക്കൗണ്ട് തന്റെ മൊബൈലില്‍ ഉപയോഗിച്ചിരുന്നതിനാല്‍ അബദ്ധത്തിൽ അങ്ങനെ സംഭവിച്ചതാണെന്നുമാണ് വൈദികന്റെ വാദം.
0 Comments