തലശ്ശേരി: പിണറായി അംഗൻവാടിയിൽനിന്ന് തിളച്ച പാൽ കുടിക്കാൻ നൽകി നാലു വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പിണറായി പൊലീസും ചൈൽഡ് ലൈൻ അധികൃതരും കേസെടുത്ത് അന്വേഷണം തുടങ്ങി.
പിണറായി പഞ്ചായത്ത് 18ാം വാർഡിലെ കോളാട് അംഗൻവാടി വിദ്യാർഥി ബിസ്മില്ല നിവാസിൽ കെ. ഷാനജിന്റെയും സി.കെ. ജസാനയുടെയും മകൻ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. വായക്കകത്തും കീഴ്ത്താടിയിലുമാണ് പൊള്ളലേറ്റത്.
കുട്ടിക്ക് ജന്മനാ സംസാര ശേഷിയില്ല. ആദ്യം പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെളളിയാഴ്ച രാവിലെ 10ന് കുട്ടിയെ അംഗൻവാടിയിൽ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തി കുറച്ചു സമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു.
അംഗൻവാടിയിലെ ആയയുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൈൽഡ് ലൈൻ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി കുട്ടിയെ സന്ദർശിച്ചു.
0 Comments