ശനിയാഴ്‌ച, മേയ് 18, 2024


കോഴിക്കോട്: സമസ്തയുമായി അഭിപ്രായ ഭിന്നതയില്ലെന്നും എന്നാല്‍ സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചെന്നും പി കെ കുഞ്ഞാലിക്കുട്ടി. സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ സമസ്ത നേതൃത്വത്തെ അറിയിച്ചതായും മുസ്ലിം ലീഗ് വ്യക്തമാക്കി.


സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനവും മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി യോഗവും ഒരേ ദിവസം വന്നത് ഇഴകീറി പരിശോധിക്കേണ്ടതില്ല. സുപ്രഭാതം പത്രവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട്. സുപ്രഭാതം മുസ്ലിംലീഗിനെ വേദനിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രതിഷേധം സമസ്താ നേതൃത്വത്തെ അറിയിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതിലായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.


കേരളത്തിലെ 20 ലോകസഭാ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി. കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിലാണിത്. മലപ്പുറത്തും പൊന്നാനിയിലും മികച്ച വിജയം നേടും. കേരളത്തില്‍ ഭിന്നിച്ച് വോട്ട് നേടാനാണ് സിപിഐഎം ശ്രമിച്ചത്. ബിജെപിയുടെ തനി പകര്‍പ്പായി മാറി. വ്യാജ പ്രചാരണം സമൂഹത്തില്‍ അപകടകരമായ അവസ്ഥ ഉണ്ടാക്കിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വടകരയില്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടത് സര്‍ക്കാരാണ്. ഇനി ആവശ്യപ്പെടേണ്ടതില്ല. വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ