ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിനായില്ല.
ഈ മാസം 19ന് വൈകിട്ട് 5.30ന് ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ് മര്‍ദിച്ചത്. സംഭവത്തിൽ കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുത്തശേഷം മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അതിനുശേഷം കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസെടുക്കുകയായിരുന്നു. തുടർന്ന് മനോജിനെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ചു.മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.
0 Comments