റീൽസ് കണ്ട് യുവതിക്ക് അശ്ലീലസന്ദേശം അയച്ച യുവാവിൽ നിന്ന് 20 ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ

LATEST UPDATES

6/recent/ticker-posts

റീൽസ് കണ്ട് യുവതിക്ക് അശ്ലീലസന്ദേശം അയച്ച യുവാവിൽ നിന്ന് 20 ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ
ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി ജസ്ലി, ആലുവ സ്വദേശി അഭിജിത്ത്, നിലമ്പൂർ സ്വദേശി സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശം അയച്ചതിന് പൊലീസിൽ പരാതി നൽകിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവിൽ നിന്ന് കേസ് ഒത്തുതീർപ്പാക്കാൻ ആയി 20 ലക്ഷം രൂപ യുവതിയും സംഘവും ആവശ്യപ്പെടുകയായിരുന്നു.


അഞ്ച് ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞ യുവാവിൽ നിന്ന് സംഘം ആദ്യ ​ഗഡുവായി രണ്ടുലക്ഷം രൂപ തട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ സ്വ​ദേശിയായ യുവതി ഒരു സിനിമയെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ റീൽ കണ്ട മൂവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഏലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ സ്വമേധയാൽ കേസെടുക്കാൻ പൊലീസിന് കഴിയാത്തത് കൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി.

പരാതി നൽകിയതിന് പിന്നാലെ പൊലീസ് റിപ്പോർട്ട് കോടതിക്ക് നൽകുകയും ചെയ്തു. ഇതിനിടെ ആണ് കേസ് ഒത്തുതീർപ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തേയും യുവതിയും ഇവരുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇവർ സംസാരിക്കുകയും അതിന് ശേഷം അഞ്ച് ലക്ഷം രൂപ നൽകാമെന്ന് കുടുംബം സമ്മതിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു.


മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെ ആണ് കഴിഞ്ഞത്. സഹോദരിക്ക് നൽകിയ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തി ബാക്കി മൂന്ന് ലക്ഷം രൂപ നൽകാൻ കുടുംബം തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലാവുന്നത്. സിനിമയുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണം എന്നും ഇതിന് ആണ് പണം ചോദിച്ചതെന്നും ആണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.

Post a Comment

0 Comments