ഭരണമേറ്റതിനു പിന്നാലെ എൻഡിഎയിൽ തർക്കം?; ലോക്സഭാ സ്പീക്കർ സ്ഥാനത്തിനായി ഘടകകക്ഷികളും രംഗത്ത്

LATEST UPDATES

6/recent/ticker-posts

ഭരണമേറ്റതിനു പിന്നാലെ എൻഡിഎയിൽ തർക്കം?; ലോക്സഭാ സ്പീക്കർ സ്ഥാനത്തിനായി ഘടകകക്ഷികളും രംഗത്ത്



ന്യൂഡൽഹി∙ ലോക്സഭയിലെ സ്പീക്കർ സ്ഥാനം സംബന്ധിച്ച് എൻഡിഎയിൽ തർക്കമെന്നു സൂചന. ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നു നിതീഷ് കുമാറിന്റെ ജെ‍‍ഡിയു തീരുമാനമെടുത്തപ്പോൾ, എല്ലാവരുടെയും അംഗീകാരം തേടിവേണം സ്ഥാനാർഥിയെ തീരുമാനിക്കാനെന്നാണ് എൻ. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നിലപാട്. ടിഡിപിയും ജെഡിയുവും എൻഡിഎ ഘടകകക്ഷികളാണെന്നും ബിജെപി നാമനിർദേശം ചെയ്യുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നുമാണ് ജെഡിയു നേതാവ് കെ.സി. ത്യാഗി ശനിയാഴ്ച അറിയിച്ചത്.

അതേസമയം, സ്ഥാനാർഥിയെ എൻഡിഎ സഖ്യകക്ഷികൾ യോജിച്ചു തീരുമാനിക്കുമെന്ന് ടിഡിപി വക്താവ് പട്ടാഭിരാം കൊമ്മറെഡ്ഡി ഒരു ദേശീയമാധ്യമത്തോടു പ്രതികരിച്ചു. 

ലോക്സഭയിലെ ഭൂരിപക്ഷമായ 272ൽ 240 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്കു നേടിയത്. അതുകൊണ്ടുതന്നെ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തീരുമാനങ്ങളെടുക്കാൻ ബിജെപിക്ക് കഴിയില്ല. ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ജെഡിയുവിനെയോ ടിഡിപിയെയോ പരിഗണിക്കണമെന്ന് ഇന്ത്യാ സഖ്യത്തിലെ എഎപി ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് സ്പീക്കർ പദവി കിട്ടിയാൽ ജെഡിയുവിൽനിന്നും ടിഡിപിയിൽനിന്നും എംപിമാരെ കുതിരക്കച്ചടവം നടത്തി പാർട്ടിയിലേക്കു മാറ്റുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലോട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ പല വകുപ്പുകളും സഖ്യകക്ഷികൾക്കു ലഭിച്ചിട്ടുണ്ടെങ്കിലും പ്രധാന വകുപ്പുകൾ ബിജെപിയുടെ കൈവശംതന്നെയിരിക്കുകയാണ്. അതിൽ സഖ്യകക്ഷികൾക്ക് മുറുമുറുപ്പ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 24നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ലോക്സഭ ചേരുന്നത്. 26നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.

Post a Comment

0 Comments