വോട്ടിങ്ങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് രാഹുല്‍ ഗാന്ധി

LATEST UPDATES

6/recent/ticker-posts

വോട്ടിങ്ങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വോട്ടിങ്ങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്‌ക്കിന്റെ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി ആയുധമാക്കുന്നത്.


ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയാത്ത ബ്ലാക്ക് ബോക്‌സുകളെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.


മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. സര്‍വീസ് വോട്ടുകള്‍ ചെയ്യുന്ന ഇ വി എം തുറക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഷിന്‍ഡെ വിഭാഗം നേതാവിന്റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പോലീസ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ടാണ് രാഹുല്‍ ഇതോടൊപ്പം പങ്കുവെച്ചത്.


വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടത്. എ ഐ യോ മനുഷ്യരോ വഴി വോട്ടിങ് യന്ത്രം ഹാക്ക് ചെയപ്പെടാനുള്ള സാധ്യതയുണ്ടെന്നും മസ്‌ക് എക്‌സില്‍ സൂചിപ്പിച്ചിരുന്നു. പ്യൂര്‍ട്ടോറിക്കോയില്‍ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇ വി എം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷ്യര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്‌പെസ് എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.


Post a Comment

0 Comments