വ്യാഴാഴ്‌ച, ജൂൺ 20, 2024



തിരുവനന്തപുരം: ഗുരുവചനത്തെ പൂര്‍ണമായി തിരസ്‌കരിച്ച് കൊണ്ട് മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് പറഞ്ഞു.  ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജന്‍സികളെ ഭയപ്പെട്ട് ജീവിക്കുന്ന വെള്ളാപ്പള്ളി യഥാര്‍ത്ഥത്തില്‍ നടത്തുന്നത് ‘ഇ.ഡി, സി.ബി.ഐ പ്രീണനം മാത്രമാണെന്നും ട്രസ്റ്റ് ആരോപിച്ചു. നടേശന്റെ പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രാധാന്യവും കൊടുക്കേണ്ട ആവശ്യമില്ലെന്നും മാനവധര്‍മം ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.


കേരളത്തില്‍ അതിരുവിട്ട മുസ്ലിം പ്രീണനവും ഹിന്ദുക്കള്‍ക്കെതിരെ അന്യായവും നടക്കുന്നുവെന്ന വെള്ളാപ്പള്ളിയുടെ വാദം തെറ്റാണ്. അത് സംഘപരിവാറിന്റെ വ്യാജമായ വാദം മാത്രമാണെന്നും മാനവധര്‍മം ട്രസ്റ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അനുസരണയുള്ള ദാസനെപ്പോലെ ഈ സംഘപരിവാര്‍ വാദത്തെ ആവര്‍ത്തിക്കുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.

മന്ത്രിസഭയിലെയും ലോക്സഭയിലെയും മുസ്ലിം പ്രാതിനിധ്യത്തിന്റെ കുറവിനെ കുറിച്ചും ട്രസ്റ്റ് വിശദമായ കണക്കുകള്‍ നിരത്തി. കേന്ദ്ര മന്ത്രിസഭയില്‍, 20 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ മുസ്ലിം അംഗം പോലുമില്ല. ആനുപാതികമായി, കുറഞ്ഞത് 80 മുസ്ലിം എം.പി.മാര്‍ ഉണ്ടാകേണ്ട ലോക്സഭയില്‍ വെറും 24 മുസ്ലിം എം.പി.മാര്‍ മാത്രമാണുള്ളത്. 37 മുസ്ലിം എം.പി.മാര്‍ ഉണ്ടാകേണ്ട രാജ്യസഭയില്‍ നിലവില്‍ 13 എം.പി.മാര്‍ മാത്രമേ ഉള്ളൂ,’ പ്രസ്താവനയില്‍ പറയുന്നു.


ഇന്ത്യന്‍ പാര്‍ലിമെന്റില്‍  ഒരു വിഭാഗം ജനതയുടെ പ്രാതിനിധ്യത്തിന്റെ വലിയ തോതിലുള്ള അഭാവമാണ് സംഘപരിവാര്‍ ഉണ്ടാക്കിയതെന്നും മാനവധര്‍മം ട്രസ്റ്റ് ആരോപിച്ചു. ഇത് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുക. കേരളത്തിന്റെ സംഭാവന മാത്രമാണ് മുസ്ലിംകളുടെ ശബ്ദം പാര്‍ലമെന്റില്‍ ഒരല്‍പ്പമെങ്കിലും ശക്തിപ്പെടാന്‍ സഹായിക്കുന്നത്. അതൊരിക്കലും പ്രീണനമല്ല.

ഹിന്ദു പ്രാതിനിധ്യം സവര്‍ണ പ്രാതിനിധ്യം മാത്രമാണ്. വെള്ളാപ്പള്ളി നടേശന്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നവത്ക്കരിക്കേണ്ടത് സവര്‍ണാധിപത്യത്തെ സംരക്ഷിക്കുന്ന സംഘപരിവാര്‍ തന്ത്രത്തെയാണെന്നും മാനവധര്‍മം ട്രസ്റ്റ് വ്യക്തമാക്കി.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ