ആ അശ്ലീല കമന്റിട്ട ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതി നൽകി വിശ്വാസ്

LATEST UPDATES

6/recent/ticker-posts

ആ അശ്ലീല കമന്റിട്ട ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതി നൽകി വിശ്വാസ്

കണ്ണൂർ: 'കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി', എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അരുവിക്കര മൈലം സ്വദേശി ജി വിശ്വാസിന്റെ (രഞ്ജിത്) ചിത്രം. എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സാ ധനസഹായം ആവശ്യപ്പെട്ട് കേരള എക്സിബിഷൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്.

വയനാട് ഉരൾപൊട്ടൽ ദുരന്തത്തിൽ അനാഥരായ കൈകുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിനെതിരെയായിരുന്നു അശ്ലീല കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. കമന്റുകളിൽ ഒന്ന് കണ്ണൂർ സ്വദേശി ജോർജിന്‍റേതായിരുന്നു.


എന്നാല്‍ ജോർജിന്റെ പേരില്‍ പ്രചരിക്കുന്നത് കൈയ്ക്ക് പരിക്കേറ്റു പ്ലാസ്റ്ററിട്ട് ചികിത്സയില്‍ കഴിയുന്ന വിശ്വാസിന്റെ ചിത്രമാണ്. ജൂലൈ 26-ന് നെയ്യാറ്റിൻകരയിൽ ഉണ്ടായ കാർ അപകടത്തിലാണ് വിശ്വാസിന് പരിക്കേറ്റത്. സോഷ്യൽ മീഡിയയിൽ വിശാസിന്റെ ചിത്രം നിരവധി പേർ ഷെയർ ചെയ്തതോടെ വിശ്വാസിനെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവുമാണ് നടക്കുന്നത്

ഗുരുതരമായി പരിക്കേറ്റ ഇയാൾ ഒരാഴ്ച്ചയായി ചികിത്സയിലാണ്. താൻ കൂടി അംഗമായ എക്സിബിഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചികിത്സ സഹായം നൽകുന്ന പതിവുണ്ട്. ഇതിനായാണ് താൻ ചിത്രം പങ്കുവെച്ചതെന്ന് വിശ്വാസ് പറയുന്നു. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ 'ജോർജിന് കിട്ടേണ്ടത് കിട്ടി' എന്ന തലക്കെട്ടിൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നുവെന്നും രാത്രിയിലാണ് ഇക്കാര്യം താൻ അറിയുന്നതെന്നും വിശ്വാസ് പറയുന്നു.

അതുകൂടാതെ ഫോട്ടോ മാത്രം വെച്ച് മോശമായ പ്രചാരണമുണ്ടായതായും വിശ്വാസ് പറഞ്ഞു. ടെൻഷൻ കാരണം ഇന്നലെ മുതൽ ആഹാരവും വെള്ളവും കഴിച്ചിട്ടില്ല. എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ കഴിഞ്ഞില്ല. അതേസമയം, മെഡിക്കൽ കോളേജ് പൊലീസിൽ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശ്വാസ് പറഞ്ഞു.

.
 

Post a Comment

0 Comments