ദുബൈ: അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഫാമിലി വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചു. 3000 ദിര്‍ഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആര്‍ക്കും ഇനി കുടുംബത്തെ എത്തിക്കാം. തൊഴില്‍ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ ശമ്പളം മാത്രം കണക്കാക്കി വിസ അനുവദിക്കാനാണ് തീരുമാനം.
താമസ സൗകര്യത്തിന്റെ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം. 4000 ദിര്‍ഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവര്‍ക്കു താമസ സൗകര്യമുണ്ടെങ്കില്‍ സ്‌പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം.
പിതാവ് യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വിസയില്‍ത്തന്നെ എത്തണം. ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത താമസ വിസയാണു മക്കള്‍ക്കു ലഭിക്കുക. ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും കുടുംബ വിസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്.
ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആണ്‍കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കും. എന്നാല്‍, യുഎഇയില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഒരുവര്‍ഷ കാലാവധിയുള്ള വിസയാകും ലഭിക്കുക. ഇതു പഠനം കഴിയും വരെ പുതുക്കാനും സാധിക്കും.
താല്‍ക്കാലിക വിസയില്‍ എത്തിയവരെ സ്ഥിരം ആശ്രിത വിസയിലേക്കു മാറ്റുമ്പോള്‍ കുടുംബം രാജ്യത്തെത്തിയ ദിവസം മുതല്‍ 2 മാസത്തിനകം സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. കുടുംബനാഥന്റെ വിസ കാലാവധി വരെ കുടുംബത്തിനും രാജ്യത്തു കഴിയാം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
0 Comments