കാസർകോട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ വൻ തീപിടിത്തം

കാസർകോട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ വൻ തീപിടിത്തം



കാസര്‍കോട്: അടുക്കത്ത് വയൽ ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ വൻ തീ പിടിത്തം. താഴത്തെ നിലയില്‍ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. സ്റ്റോക്ക് റൂമിൽ സൂക്ഷിച്ച നിരവധി ബോർഡുകളും നോട്ടീസുകളും പോസ്റ്ററുകളും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് ഓഫീസിൽ നിന്ന് പുക കണ്ടത്. പുക ഉയരുന്നത് കണ്ടവര്‍ നേതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. കാസർകോട് നിന്ന് സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ മാവിലായുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി. വാഹനത്തിലെ വെള്ളവും തൊട്ടടുത്തുള്ള വീട്ടിലെ വെള്ളവും ഉപയോഗിച്ച് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. മുന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ നിതിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പിജി ജീവൻ, നിരൂപ്, അരുൺ കുമാർ, മിഥുൻ, അനിത, ഷിജിത്ത്, രാഗേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. നാട്ടുകാരും പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ അണിചേർന്നു.

Post a Comment

0 Comments