ദുബൈ: ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ നിർമാണത്തിലിരുന്ന രണ്ട് പ്രധാന മേൽപാലങ്ങൾ കൂടി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തുറന്നു. ഗാൺ അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ റായിദ് റോഡ് ജങ്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായാണ് രണ്ട് പാലങ്ങൾ നിർമിച്ചത്.
രണ്ട് വരിയുള്ള രണ്ട് പാലങ്ങളാണ് പണി പൂർത്തിയായത്. ആദ്യ പാലത്തിന് 601 മീറ്റർ നീളവും രണ്ടാമത്തെ പാലത്തിന് 664 മീറ്ററുമാണ് നീളം. ആദ്യ പാലത്തിന് മണിക്കൂറിൽ 32,00 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
ഇതു വഴി ഗാൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും ഖിസൈസ്, ദേര ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാകും.
664 മീറ്റർ നീളമുള്ള രണ്ടാമത്തെ പാലത്തിന് മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് കിഴക്ക് ഭാഗത്തുള്ള അൽ യലാസിസ് സ്ട്രീറ്റ്, ജബൽ അലി പോർട്ട് എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഈ പാലത്തിന് സാധിക്കും. അവസാന പാലത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും.
ഗാൺ അൽ സബ്ഖ സ്ട്രീറ്റിനെ അൽ അസായൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണീ പാലം. 943 മീറ്ററിൽ രണ്ട് വരിയിലാണ് ഇതിന്റെ നിർമാണം. മണിക്കൂറിൽ 8,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ റോഡിന് ശേഷിയുണ്ടാകും. ശൈഖ് സായിദ് റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഗതാഗതം തടസ്സമില്ലാത്ത രീതിയിൽ സുഗമമാക്കുന്നതിന് ഇത് സഹായകമാകും.
പദ്ധതിയുടെ 97 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ആദ്യ പാലത്തിന്റെ പണി പൂർത്തീകരിച്ചതോടെ ഗാൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്നും ഖിസൈസ്, ദേര എന്നിവിടങ്ങളിലേക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള യാത്ര സമയം 40 ശതമാനം കുറഞ്ഞ് 20 മിനിറ്റിൽ 12 മിനിറ്റാകും. കൂടാതെ ജബൽ അലി പോർട്ട് ഭാഗത്തേക്കുള്ള യാത്രാ സമയം 70 ശതമാനം വരെ കുറഞ്ഞ് 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ വർധനവിന് അനുസരിച്ച് ദുബൈയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശാനുസരണമാണ് റോഡുകളും പാലങ്ങളും നിർമിക്കുന്നത്.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റ സൂക്ഷ്മമായ മേൽനോട്ടത്തിലാണ് വികസന പദ്ധതികൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് സായിദ് റോഡിനും, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ നിർണായകമായ ബന്ധം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. ആകെ 2,874 മീറ്ററിൽ നാല് പാലങ്ങളാണ് പദ്ധതിയിലൂടെ നിർമിക്കുന്നത്. നാല് പാലങ്ങളിലും കൂടി മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് കടന്നുപോകാനാകും.
0 Comments