കാഞ്ഞങ്ങാട്: ഭാര്യയുടെ അടുത്ത ബന്ധുവായ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. കല്ലൂരാവി സ്വദേശിയും ഗള്‍ഫുകാരനുമായ 44 കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.
ബന്ധുവായ പെണ്‍കുട്ടി രാത്രിയില്‍ പ്രതിയുടെ വീട്ടിലാണ് ഉറങ്ങാറ്. പ്രതിയുടെ മകളായ ചെറിയ കുട്ടിക്കൊപ്പമായിരുന്നു ഉറക്കം. ഈ സമയത്ത് കുട്ടികള്‍ കിടക്കുന്ന മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നുവത്രെ. നിരവധി തവണ പെണ്‍കുട്ടി സമാന രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. ഗള്‍ഫിലായിരുന്ന പ്രതി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അതിനു ശേഷം വീട്ടില്‍ ഉറങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി പലതവണ പീഡിപ്പിച്ചുവത്രെ. ഇതിന്റെ മാനസിക വിഷമത്തില്‍ കുട്ടി സ്‌കൂളിലേക്ക് പോയിരുന്നില്ല. സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ അസുഖമാണെന്നാണ് മറുപടി നല്‍കിയത്. ഒരു മാസത്തോളം പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇത് പ്രകാരം തിങ്കളാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് പീഡന സംഭവം പുറത്തുവന്നത്. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു.
പെണ്‍കുട്ടി സ്‌കൂളില്‍ പോയ വിവരം അറിഞ്ഞ പ്രതി താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാക്കുകയും ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു. യാത്രാരേഖകള്‍ മാത്രം കൈയില്‍ കരുതി ബന്ധുവിന്റെ കാറില്‍ കണ്ണൂരിലേക്ക് തിരിച്ചു. പ്രതിയെ തേടി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഗള്‍ഫിലേക്ക് പോകാനായി പുറപ്പെട്ട കാര്യം പൊലീസ് അറിഞ്ഞത്. ഉടന്‍ തന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസിനെ വിവരം അറിയിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി കാറില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങുന്നതായി വിവരം ലഭിച്ചു. പ്രതി വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് പൊലീസ് സംഘം സ്ഥലത്തെത്തി നിലയുറപ്പിച്ചു. കാറില്‍ നിന്നു ഇറങ്ങിയ ഉടന്‍ പ്രതിയെ കയ്യോടെ പിടികൂടി കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു.
0 Comments