ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുവേണ്ടി യു.എസ്-ഇന്ത്യ പുരസ്കാരം നിരസിച്ച് ആദിവാസി ആക്ടിവിസ്റ്റ് ജസീന്ത കെർക്കറ്റ

LATEST UPDATES

6/recent/ticker-posts

ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുവേണ്ടി യു.എസ്-ഇന്ത്യ പുരസ്കാരം നിരസിച്ച് ആദിവാസി ആക്ടിവിസ്റ്റ് ജസീന്ത കെർക്കറ്റ




ന്യൂഡൽഹി: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുരുതി​യിലെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, യു.എസ് ഏജൻസിയും ഇന്ത്യ ട്രസ്റ്റും സംയുക്തമായി പ്രഖ്യാപിച്ച പുരസ്‌കാരം നിരസിച്ച് ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജസീന്ത കെർക്കറ്റ. ഇവരുടെ കവിതാസമാഹാരമായ ‘ജിർഹുൽ’ ബാലസാഹിത്യത്തിനുള്ള ‘റൂം ടു റീഡ് യംഗ് ഓതർ അവാർഡിന്’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസ് ഏജൻസി ഫോർ ഇന്‍റർനാഷനൽ ഡെവലപ്‌മെന്‍റും റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ആണ് പുരസ്കാരം നൽകുന്നത്.


കുട്ടികൾക്കുള്ള പുസ്തകങ്ങൾ പ്രധാനമാണെന്നും എന്നാൽ, കുട്ടികളെ രക്ഷിക്കാൻ മുതിർന്നവർക്ക് കഴിയുന്നില്ലെന്നും ആയിരക്കണക്കിന് പേർ ഫലസ്തീനിൽ കൊല്ലപ്പെടുകയാണെന്നും ജസീന്ത പറഞ്ഞു. ‘റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റ്’ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബോയിങ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഞാൻ കണ്ടു. കുട്ടികളുടെ ലോകം അതേ ആയുധങ്ങളാൽ നശിപ്പിക്കപ്പെടുമ്പോൾ എങ്ങനെ ആയുധവ്യാപാരവും കുട്ടികളുടെ പരിരക്ഷണവും ഒരേസമയം തുടരാനാകും എന്ന അർഥവത്തായ ചോദ്യവും അവരുന്നയിക്കുന്നു. ബഹിരാകാശ ഭീമനായ ബോയിങ് 75 വർഷമായി ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഫ്ലാഗ് ഓഫ് ചെയ്ത വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ട്രസ്റ്റും ബോയിംഗും തമ്മിലുള്ള പങ്കാളിത്തത്തിൽ സഹകരിക്കുന്നുണ്ട്.

ആദിവാസി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ മുൻനിർത്തിയാണ് ‘ജിർഹുലി’ലെ കവിതകൾ. സാമൂഹിക, രാഷ്ട്രീയ അവബോധം ഉണർത്തുന്നതിനാണ് അവ എഴുതിയത്. പ്രത്യേകിച്ചും രാജ്യത്തെ കുട്ടികൾ റോസാപ്പൂക്കളെയും താമരയെയും കുറിച്ച് മാത്രം വായിച്ച് വളരുന്ന ഒരു കാലത്ത് - അവർ പറഞ്ഞു. സാഹിത്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ കുറയുന്ന സാഹചര്യമുണ്ട്. ഇതിനിടയില്‍ കുട്ടികള്‍ക്കായുള്ള എഴുത്തിന് പുരസ്‌കാരം ലഭിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുരസ്കാരം സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസീന്ത പറഞ്ഞു. അവാർഡ് നിരസിച്ചു​കൊണ്ട് കാരണങ്ങൾ വ്യക്തമാക്കി കത്തെഴുതിയിട്ടുണ്ട്. എന്നാൽ, ജസീന്തയുടെ തീരുമാനത്തോട് അവാർഡ് ദാതാക്കൾ പ്രതികരിച്ചിട്ടില്ല. ചടങ്ങ് ഒക്ടോബർ 7ന് നടക്കുമെന്നാണ് ഇവരുടെ വെബ്‌സൈറ്റിൽ പറയുന്നത്.

ഭോപ്പാലിലെ ഇക്താര ട്രസ്റ്റി​ന്‍റെ പ്രസിദ്ധീകരണ വിഭാഗമായ ‘ജുഗ്നു പ്രകാശനാ’ണ് ഈ വർഷം പുസ്തകം പ്രസിദ്ധീകരിച്ചത്. ഈശ്വർ ഔർ ബസാർ, ജെസീന്ത കി ഡയറി, ലാൻഡ് ഓഫ് ദ റൂട്ട്സ് തുടങ്ങി ഏഴ് പുസ്തകങ്ങൾ കൂടി ജസീന്ത എഴുതിയിട്ടുണ്ട്. മണിപ്പൂരിലെ ആദിവാസികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ഇന്ത്യ ടുഡേ ഗ്രൂപ്പി​ന്‍റെ അവാർഡ് ഇവർ നിരസിച്ചിരുന്നു.


ഫലസ്തീൻ ഐക്യദാർഢ്യത്തി​ന്‍റെ ചിഹ്നമായ കഫിയ സ്കാർഫുകൾ ധരിച്ചതിന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന് ചൂണ്ടിക്കാട്ടി ന്യൂയോർക്കിലെ നൊഗുച്ചി മ്യൂസിയത്തിൽ നിന്നുള്ള അവാർഡ് കഴിഞ്ഞയാഴ്ച ഇന്ത്യൻ എഴുത്തുകാരി ജുമ്പ ലാഹിരി നിരസിച്ചിരുന്നു.

Post a Comment

0 Comments