അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം

അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം



തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണറിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്തുതുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടായേക്കും. അതിനിടെ എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു. മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.


പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം രൂപീകരിച്ചിരുന്നു. അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍നിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. അതേ നിലാപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞത്.

ഷെയ്ക് ദര്‍വേഷ് സാഹിബ്, ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണം നടത്തിയത്.


പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എഡിജിപിക്കെതിരെ നടപടി എടുക്കാത്തതില്‍ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.


2023 മെയ് 22 നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂണ്‍ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. എന്നാല്‍ ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്നായിരുന്നു അജിത് കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.

Post a Comment

0 Comments