കാഞ്ഞങ്ങാട്: നവംബർ 27 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അന്നദാനത്തിനുള്ള വിഭവങ്ങളുമായി മടിയൻ, മീത്തൽ, പൊയ്യക്കര, കല്ലിങ്കാൽ, കടപ്പുറം, കൊളവയൽ പടിഞ്ഞാറ്, കൊളവയൽ കിഴക്ക് എന്നീ ഏഴ് പ്രാദേശിക സമിതികളിൽ നിന്നുള്ളഭക്തജനങ്ങൾ കലവറ സാധനങ്ങളുമായി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്ര സ്ഥാനികരും ഭരണസമിതി അംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും പ്രാദേശിക സമിതി ഭാരവാഹികളുംനേതൃത്വം നൽകി. വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രത്തിൽ നിന്നുള്ള ദീപവും തിരിയും ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടുകൂടി കളിയാട്ടത്തിന് ആരംഭമായി. രാത്രി 9 മണി മുതൽ പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങിൽ എത്തി. ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.സമാപന ദിവസമായ ഡിസംബർ ഒന്നിന് പടിഞ്ഞാറേ ചാമുണ്ഡി ഗുളികൻ എന്നീ തെയ്യങ്ങളുടെ പുറപ്പാടും നടക്കും വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുകുട, ശിങ്കാരിമേളം, പൂക്കാവടി, കാവടിയാട്ടം, വാദ്യമേളം ദേവ നൃത്തം, കലാരൂപങ്ങൾ, ദീപാലങ്കാരങ്ങൾ, വിളക്ക് നൃത്തം മറ്റ് നിരവധി ചലന നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന തിരുമുൽ കാഴ്ച മടിയൻകുന്ന് താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നും പുറപ്പെടും. രാത്രി 10 മണിക്ക് പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുൽ കാഴ്ച സ്വീകരിക്കും. തുടർന്ന് വെള്ളാട്ടവും വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി നൃത്ത നൃത്യങ്ങൾ,കൈകൊട്ടി കളി, അനുമോദന സദസ്സ്, സന്നദ്ധ ഫണ്ട് കൈമാറൽ എന്നിവയും നടക്കും. കളിയാട്ട മഹോത്സവം ഡിസംബർ ഒന്നിന് സമാപിക്കും.
0 Comments