മുസ്ലിംവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്; യൂത്ത് ലീഗും, എസ് ഡി പി ഐയും പരാതി നല്‍കിയതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ

മുസ്ലിംവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്; യൂത്ത് ലീഗും, എസ് ഡി പി ഐയും പരാതി നല്‍കിയതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ



മുസ്ലിംവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. മുസ്‌ലിംകളെല്ലാം തീവ്രവാദികളും ഭീകരവാദികളും പാകിസ്താനോട് കൂറുള്ളവരും ആണെന്ന പരാമര്‍ശത്തിന്‍മേലാണ് മാപ്പു പറഞ്ഞത്. മതസ്പര്‍ദ്ധ ഇളക്കിവിട്ടെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ക്ക് SDPI, യൂത്ത് ലീഗ്  പരാതി നല്‍കിയതിന് പിന്നാലെയാണ് ജോര്‍ജിന്റെ നടപടി. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തില്‍ മുസ്ലിംകള്‍ക്കുള്ള വേദനയില്‍ മാപ്പ് പറയുന്നതായും അദ്ദേഹം ഏതാനും സമയം മുമ്പ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണെന്നും ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് ഇവിടത്തെ മുസ്ലിംകളെന്നുമുള്ള പരാമര്‍ശങ്ങളായിരുന്നു ജോര്‍ജ് നടത്തിയത്.


ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളോട് വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് പി.സി ജോര്‍ജ് മനപ്പൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇതിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു എസ്ഡിപിഐ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.


 പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.


എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നുവെന്നും അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

ജോര്‍ജിന്റെ കുറിപ്പ്:

ജനം ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അര്‍ത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍ മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.
പി സി ജോര്‍ജ്

Post a Comment

0 Comments