പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസില്‍ ചില പ്രമുഖര്‍ കുടുങ്ങിയേക്കുമെന്നു സൂചന

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസില്‍ ചില പ്രമുഖര്‍ കുടുങ്ങിയേക്കുമെന്നു സൂചന



ബേക്കൽ: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസില്‍ ചില പ്രമുഖര്‍ കുടുങ്ങിയേക്കുമെന്നു സൂചന. കേസില്‍ നേരത്തെ അറസ്റ്റിലാവുകയും ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന പ്രതികളില്‍ നിന്നു ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അറിയുന്നു. പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

2023 ഏപ്രില്‍ 14നാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്. ഡിവൈ.എസ്.പി കെ.കെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവാസി വ്യവസായി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയത്. മധൂര്‍, ഉളിയത്തടുക്ക സ്വദേശിയും മീത്തല്‍ മാങ്ങാട് താമസക്കാരനുമായ ടി.എം ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (34), പൂച്ചക്കാട്, മുക്കൂട്, ജീലാനി നഗറില്‍ താമസക്കാരിയായ പി.എസ് അസ്‌നീഫ (36), മധൂര്‍ കൊല്യയിലെ ആയിഷ (43) എന്നിവര്‍ അറസ്റ്റിലായി. അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണാഭരണം കാണാതായിരുന്നു. ഇതില്‍ നിന്നു 117 പവന്‍ സ്വര്‍ണ്ണം വിവിധ സ്ഥലങ്ങളില്‍ വിറ്റ നിലയിലും പണയം വച്ച നിലയിലും കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനായി പ്രതികളെ അഞ്ചു ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ പൂച്ചക്കാട്ടെ അസ്‌നീഫ പള്ളിക്കര, പൂച്ചക്കാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളില്‍ പണയപ്പെടുത്തി 15 പവന്‍ സ്വര്‍ണ്ണം വ്യാഴാഴ്ച കണ്ടെത്തി. പ്രതിയേയും കൊണ്ട് ബാങ്കുകളിലെത്തിയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ഈ ആഭരണങ്ങള്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. വീട്ടില്‍ നിന്നു കൈക്കലാക്കിയ സ്വര്‍ണ്ണം കണ്ണൂരില്‍ വില്‍പ്പന നടത്തിയതായും പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇവ വീണ്ടെടുക്കുന്നതിനായി പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടു പോകും.

Post a Comment

0 Comments