മയക്ക് മരുന്ന് കേസിൽ റിമാൻ്റിലുള്ള പടന്നക്കാട് യുവാവ് അഞ്ച് ദിവസം ലഹരിക്കെതിരെ പ്ലകാർഡുമായി പൊതുജന മധ്യത്തിൽ നിൽക്കാൻ കോടതി ഉത്തരവ്

മയക്ക് മരുന്ന് കേസിൽ റിമാൻ്റിലുള്ള പടന്നക്കാട് യുവാവ് അഞ്ച് ദിവസം ലഹരിക്കെതിരെ പ്ലകാർഡുമായി പൊതുജന മധ്യത്തിൽ നിൽക്കാൻ കോടതി ഉത്തരവ്




കാഞ്ഞങ്ങാട് : എം. ഡി എം എ യുമായി പിടിയിലായി റിമാൻ്റിൽ കഴിയുന്ന പ്രതിക്ക് കോടതി നൽകിയ ജാമ്യ വ്യവസ്ഥ അപൂർവങ്ങളിൽ അപൂർവവും ലഹരി മാഫിയ സംഘങ്ങൾക്ക് കടുത്ത താക്കീതുമായി. പൊതുജന മധ്യത്തിൽ അഞ്ച് ദിവസം ലഹരിക്കെതിരെ പ്ല കാർഡുമായി നിൽക്കണമെന്ന ജാമ്യ വ്യവസ്ഥയാണ് കോടതി നൽകിയത്. പടന്നക്കാട് കുറുന്തൂർ സർഫ്രീനമൻസിലിൽ അബ്ദുൾ സഫ് വാനാണ് 29 കാസർകോട് ജില്ലാ കോടതി ജാമ്യത്തിന് ഉപാധിവെച്ചത്. ജഡ്ജ് സാനു എസ് പണിക്കറാണ് പ്രതിക്ക് ജാമ്യത്തിലിറങ്ങാൻ ശ്രദ്ധേയമായ ഉത്തരവിറക്കിയത്. 2024 മെയ് 18 ന് ഹോസ്ദുർഗ് പൊലീസ് 3.0 6 ഗ്രാം എം.ഡി.എം എ യുമായി സഫ്വാനെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം പ്രതി എട്ട് മാസത്തോളമായി കണ്ണൂർ സെൻട്രർ ജയിലിൽ റിമാൻ്റിലാണ്. പ്രതി പല പ്രാവശ്യം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഒടുവിൽ കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണ് കോടതി ഉപാധിവെച്ചത്. 'നിങ്ങൾ മദ്യവും ലഹരിയും വർജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിൻ്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ് ' എന്ന് എഴുതിയ പ്ലകാർഡ് പിടിച്ചു വേണം നിൽക്കാനെന്ന് ഉത്തരവിൽ കോടതി പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വേണം അഞ്ച് ദിവസവും നിൽക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പ്ലകാർഡുമായി നിൽക്കണം. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും പ്രതിക്ക് ജാമ്യ വ്യവസ്ഥയുണ്ട്. പ്രതി പ്ലകാർഡ് പിടിച്ചു നിൽക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ ശേഷം കോടതിക്ക് റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ജാമ്യ വ്യവസ്ഥ മയക്ക്മരുന്ന് മാഫിയകൾക്ക് നൽകുന്ന ശക്തമായ താക്കീത്കൂടിയായി.

Post a Comment

0 Comments