നീലേശ്വരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ രണ്ടു തമിഴ്‌നാട് സ്വദേശിനികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശികളായ കവിത, കസ്തൂരി എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് പൊലീസിനു കൈമാറി.
ശനിയാഴ്ച ഉച്ചയോടെ നീലേശ്വരത്തെ താല്‍ക്കാലിക ബസ് സ്റ്റാന്റിലാണ് സംഭവം. ഓട്ടോ സ്റ്റാന്റിലെത്തിയ ഇരുവരും നീലേശ്വരം ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറി ഹരീഷ് കരുവാച്ചേരിയുടെ ഓട്ടോയ്ക്ക് അരികിലെത്തി ഓട്ടം പോകാന്‍ ആവശ്യപ്പെട്ടു. എങ്ങോട്ടേക്ക് പോകണമെന്നു ചോദിച്ചപ്പോള്‍ തിരക്കുള്ള ബസുകള്‍ നിര്‍ത്തുന്ന സ്‌റ്റോപ്പിലേക്ക് പോകണമെന്നാണ് മറുപടി പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഹരീഷ് ഓട്ടോ ഡ്രൈവര്‍മാരായ പ്രജീഷ് പാലായ്, വിനീത് പള്ളിക്കര എന്നിവരുടെ സഹായം തേടി. തിരക്കുള്ള സ്റ്റാന്റിലേക്ക് പോകുന്നതിനു പകരം ഹരീഷിന്റെ ഓട്ടോ നേരെ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് തങ്ങള്‍ കുടുങ്ങിയെന്ന കാര്യം കവിതയ്ക്കും കസ്തൂരിക്കും മനസ്സിലായത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവര്‍ക്കും എതിരെ നിരവധി കേസുകള്‍ ഉള്ളതായി വ്യക്തമായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മാല പൊട്ടിക്കല്‍ കേസില്‍ ഇരുവര്‍ക്കും ബന്ധം ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇരുവരെയും അങ്ങോട്ടേക്ക് കൈമാറി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാവുങ്കാലിനു സമീപത്തെ ഒരു സ്ത്രീയുടെ രണ്ടരപ്പവന്‍ തൂക്കമുള്ള മാല ബസ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടിരുന്നു. മാല പൊട്ടിച്ചതിനു പിന്നില്‍ കസ്റ്റഡിയിലായ സ്ത്രീകളാണെന്നു സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്തുവരുന്നു.
0 Comments